തായ്‌വാനിൽ സൈനികാഭ്യാസം ആരംഭിച്ച് ചൈന

ബെയ്ജിങ് : തായ്‌വാൻ സ്വാതന്ത്ര്യത്തിനെതിരായ ശക്തമായ മുന്നറിയിപ്പും പ്രതിരോധവുമായി തായ്‌വാനിൽ സംയുക്ത കര, നാവിക, റോക്കറ്റ് ഫോഴ്‌സ് അഭ്യാസങ്ങൾ ആരംഭിച്ചതായി ചൈനീസ് സൈന്യം. തായ്‌വാൻ പ്രസിഡന്റ് ലായ് ചിങ്-ടെയെ ‘പരാദജീവി’ എന്നാണ് ചൈന വിശേഷിപ്പിച്ചത്.
ജനാധിപത്യപരമായി ഭരിക്കുന്ന തായ്‌വാനെ ചൈന സ്വന്തം പ്രദേശമായാണ് കണക്കാക്കുന്നത്. തായ്‌വാനെ തങ്ങളുടെ നിയന്ത്രണത്തിലാക്കാൻ ബലപ്രയോഗത്തിന് മുതിരാതിരുന്ന ചൈന സമീപ വർഷങ്ങളിൽ ദ്വീപിനെതിരെ സൈനികവും രാഷ്ട്രീയവുമായ സമ്മർദം ശക്തമാക്കിയിട്ടുണ്ട്. ലായ് കഴിഞ്ഞ മാസം ബെയ്ജിങിനെ ‘വിദേശ ശത്രുശക്തി’ എന്ന് വിശേഷിപ്പിച്ചതിന് ശേഷമാണ് ദ്വീപിനു ചുറ്റുമുള്ള അഭ്യാസങ്ങൾ തുടങ്ങുന്നത്.
‘കടലിലും ആകാശത്തും യുദ്ധസജ്ജമായ പട്രോളിംഗ്, സമഗ്രമായ നിയന്ത്രണം പിടിച്ചെടുക്കൽ, സമുദ്രം, കര എന്നിവ ആക്രമിക്കൽ, പ്രധാന മേഖലകളിലും റൂട്ടുകളിലും ഉപരോധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തൽ തുടങ്ങിയ അഭ്യാസങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.’ ഈസ്റ്റേൺ തിയേറ്റർ കമാൻഡിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്രസ്താവനയിൽ പറയുന്നു. പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ‘ക്ലോസിംഗ് ഇൻ’ എന്ന തലക്കെട്ടിൽ ദ്വീപിനെ വളയം ചെയ്യുന്ന ചൈനീസ് യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും കാണിക്കുന്ന പോസ്റ്ററും പുറത്തിറങ്ങി.
കത്തുന്ന തായ്‌വാനിനു മുകളിൽ ഒരു ജോടി ചോപ്സ്റ്റിക്കുകൾ പിടിച്ചിരിക്കുന്ന ഒരു കാർട്ടൂൺ പ്രാണിയായി ലായ് ചിങ്-ടെയെ ചിത്രീകരിക്കുന്ന ‘ഷെൽ’ എന്ന തലക്കെട്ടുള്ള ഒരു വീഡിയോ ഇവരുടെ പേജിൽ ഉണ്ടായിരുന്നു. ലായിയെ ഒരു ‘വിഘടനവാദി’ ആയാണ് ചൈന കണക്കാക്കുന്നത്. ‘തായ്‌വാൻ ദ്വീപിൽ പരാദങ്ങൾ വിഷം കലർത്തുന്നു. ദ്വീപിനെ തുരത്തുന്ന പരാദങ്ങൾ. നാശത്തിനായി പരാദങ്ങൾ കൊതിക്കുന്നു’ വീഡിയോയിൽ പറയുന്നു.
ചൈനയുടെ ഷാൻഡോങ് വിമാനവാഹിനിക്കപ്പൽ സംഘം തിങ്കളാഴ്ച തങ്ങളുടെ മേഖലയിൽ പ്രവേശിച്ചതായും സൈനിക വിമാനങ്ങൾ കപ്പലുകളും അയച്ചതായും കരയിൽ നിന്നുള്ള മിസൈൽ സംവിധാനങ്ങൾ സജീവമാക്കിയതായും തായ്‌വാൻ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ‘ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി തായ്‌വാനിലും ഇന്തോ-പസഫിക് മേഖലയിലും തങ്ങളുടെ സൈനിക പ്രവർത്തനങ്ങൾ വർധിപ്പിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ അന്താരാഷ്ട്ര സമൂഹത്തിലെ ഏറ്റവും വലിയ ‘പ്രശ്‌നകാരി’യായി മാറിയിരിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.