പകരച്ചുങ്കം; യുഎസ് ഉത്പന്നങ്ങൾക്ക് 34 ശതമാനം തീരുവ ചുമത്തി ചൈന

ബെയ്ജിങ് : പകരച്ചുങ്കം ചുമത്തിയ യുഎസിന് അതേ നാണയത്തിൽ തന്നെ തിരിച്ചടിച്ച് ചൈനയും. യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 34 ശതമാനം തീരുവ ചുമത്തി ചൈന. യുഎസ് ചൈനയ്ക്കും 34 ശതമാനം തീരുവയാണ് പകരച്ചുങ്കം ചുമത്തിയത്. നേരത്തെ കാനഡയും യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം പകരച്ചുങ്കം ചുമത്തിയിരുന്നു. ഏപ്രിൽ 10 മുതൽ എല്ലാ യുഎസ് ഉൽപ്പന്നങ്ങളുടെയും ഇറക്കുമതിക്ക് 34% തീരുവ ചുമത്തുമെന്നാണ് ചൈന അറിയിച്ചിരിക്കുന്നത്.
നിലവിലുള്ള തീരുവയ്ക്ക് പുറമേയായിരിക്കും 34 ശതമാനം പുതിയ തീരുവ ഏര്‍പ്പെടുത്തുകയെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. നേരത്തെ ഗാഡോലിനിയം ഉള്‍പ്പെടെ ഏഴ് അപൂര്‍വ ധാതുക്കള്‍ യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നതിന് ചൈനീസ് വാണിജ്യ മന്ത്രാലയം നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നു. യുഎസ് തീരുമാനത്തിനെതിരെ ലോക വ്യാപാര സംഘടനയെ സമീപിക്കുമെന്നും ചൈന നേരത്തെ അറിയിച്ചിരുന്നു.
അതേസമയം യുഎസ് ഉത്പന്നങ്ങള്‍ക്കുമേല്‍ 34 ശതമാനം തീരുവ ചുമത്തിയ ചൈനീസ് നിലപാടിനെതിരേ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രതികരിച്ചു. ചൈന സ്വീകരിച്ചത് ശരിയായ സമീപനമല്ല. അവര്‍ ഭയന്നെന്നും ഒരിക്കലും അത് അവര്‍ക്ക് താങ്ങാനാവുന്ന കാര്യമല്ലെന്നും തന്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചു.
ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കുമേല്‍ പകരച്ചുങ്കം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ട്രംപിന്റെ പ്രഖ്യാപനം വന്നത് ബുധനാഴ്ചയായിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉത്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ചുമത്തിക്കൊണ്ടുള്ള ചൈനയുടെ പ്രഖ്യാപനം വന്നത്.