കടുത്ത സാമ്പത്തിക പ്രതിസന്ധി; മുണ്ട് മുറുക്കിയുടുക്കാൻ ഉദ്യോഗസ്ഥരോട് ചൈന

ബീജിങ് : സാമ്പത്തിക പ്രതിസന്ധിക്കിടെ കടുത്ത നടപടികളുമായി ചൈന. യാത്ര, ഭക്ഷണം, ഓഫീസ് എന്നിവയ്ക്കുള്ള ചെലവ് കുറയ്ക്കാൻ ചൈനയുടെ പ്രസിഡന്‍റ് ഷീ ജിൻപിങ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു. മദ്യപാനം, സിഗരറ്റ് വലിക്കൽ എന്നിവ നിയന്ത്രിച്ച് ചെലവുകൾ കുറയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ചൈനയിലെ കമ്മ്യൂണിസ്റ്റ് സർക്കാർ അതീവ ജാഗ്രതയോടെയുള്ള കർശനമായ ചെലവ് ചുരുക്കൽ ആണ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. സർക്കാർ വിഭവങ്ങൾ ചെലവഴിക്കുമ്പോൾ ജാഗ്രത പാലിക്കാനും ധൂർത്ത് കുറയ്ക്കാനും ആവശ്യപ്പെട്ടു. സമീപ കാലത്ത് ഭൂമി വിൽപ്പനയിൽ നിന്നുള്ള വരുമാനത്തിൽ ഇടിവ് നേരിടുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വലിയ കടബാധ്യത നേരിടുകയും ചെയ്യുന്നതായി റിപ്പോർട്ടുണ്ട്. ഇതോടെ മുണ്ട് മുറുക്കിയുടുക്കാനാണ് ഉദ്യോഗസ്ഥർക്ക് ഷീ ജിൻപിങ് നിർദേശം നൽകിയത്.
നേരത്തെ യുഎസ് പ്രസിഡന്‍റ് ട്രംപ് തുടങ്ങിയ താരിഫ് യുദ്ധത്തിന് പിന്നാലെ ചൈന തിരിച്ചടി നേരിടുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. അമേരിക്കയിലേക്ക് ഉൾപ്പെടെ കയറ്റുമതി ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ചൈനയിലെ ഫാക്ടറികളിൽ പലതും പ്രതിസന്ധിയിലായി. ശമ്പളം മുടങ്ങിയതോടെ തൊഴിലാളികൾ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയതായി റിപ്പോർട്ടുണ്ട്.
ശമ്പള പ്രതിസന്ധിയും പിരിച്ചുവിടലും വ്യാപകമായതോടെയാണ് തൊഴിലാളികൾ പ്രതിഷേധം തുടങ്ങിയതെന്ന് ന്യൂസ്മാക്സ് റിപ്പോർട്ട് ചെയ്തു. തീരുവ ഉയര്‍ത്തിയത് മൂലം കയറ്റുമതി താളം തെറ്റിയതാണ് പ്രതിസന്ധിക്ക് കാരണം. കമ്പനികള്‍ക്ക് കയറ്റുമതിക്കായി വേണ്ടത്ര ഓര്‍ഡറുകള്‍ ലഭിക്കുന്നില്ല.
ഷാങ്ഹായ്ക്ക് സമീപമുള്ള വ്യാവസായിക കേന്ദ്രങ്ങളിലും മംഗോളിയയിലും തൊഴിലാളി പ്രതിഷേധം ഉയർന്നുവന്നു. ടോങ്‌ലിയാവോ പോലുള്ള നഗരങ്ങളിൽ, ശമ്പളം ലഭിക്കാത്തതിൽ നിരാശരായി തൊഴിലാളികൾ കെട്ടിടങ്ങളുടെ മുകളിൽ കയറി ഭീഷണി മുഴക്കി. ഷാങ്ഹായ്ക്ക് സമീപം എൽഇഡി ലൈറ്റ് ഫാക്ടറിയിലെ ആയിരക്കണക്കിന് തൊഴിലാളികൾ ജനുവരി മുതൽ ശമ്പളം ലഭിക്കാത്തതിനാൽ പ്രതിഷേധ പ്രകടനം നടത്തി. ഡാവോ കൗണ്ടിയിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, അവിടെ ഒരു സ്‌പോർട്‌സ് ഗുഡ്‌സ് കമ്പനി ജീവനക്കാർക്ക് നഷ്ടപരിഹാരം നൽകാതെ പ്രവർത്തനം നിർത്തിവച്ചു.