ഫെൻറാനിൽ കടത്തിന് പിന്നിൽ ചൈനയും ഇന്ത്യയും : യുഎസ്

വാഷിങ്ടൺ : മയക്കുമരുന്നിന് ഉപയോഗിക്കുന്ന രാസവസ്തുക്കളും ഉപകരണങ്ങളും വിതരണം ചെയ്യുന്നത് ചൈനയും ഇന്ത്യയുമാണെന്ന റിപ്പോർട്ടുമായി അമേരിക്ക. 2025ലെ വാർഷിക ഭീഷണി വിലയിരുത്തൽ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഫെന്റാനിലിെൻറ കടത്താണ് പ്രധാനമായും ഇതിൽ പറയുന്നത്. വേദനാസംഹാരിയായും അനസ്തേഷ്യക്കുള്ള മരുന്നുകളുടെ കൂടെയും ഉപയോഗിക്കപ്പെടുന്ന വസ്തുവാണ് ഫെന്റാനിൽ. മയക്കുമരുന്നായും ഇത് ദുരുപയോഗപ്പെടുത്തുന്നുണ്ട്.
ഫെൻറാനിലും മറ്റു സിന്തറ്റിക് ഒപിയോയിഡുകളും അമേരിക്കയിലേക്ക് കടത്തപ്പെടുന്ന ഏറ്റവും മാരക മരുന്നുകളാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇവ കാരണം 12 മാസത്തിനിടെ 52,000ത്തിലധികം മരണങ്ങളാണുണ്ടായതെന്നും റിപ്പോർട്ടിലുണ്ട്.
ഫെൻറാനിൽ കടത്തിനെതിരെ ട്രംപ് ഭരണകൂടം കടുത്ത നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. നിയമവിരുദ്ധ മയക്കുമരുന്ന വിതരണ ശൃംഖലയുമായുള്ള ബന്ധത്തെ തുടർന്ന് പല രാജ്യങ്ങളുമായുള്ള വ്യാപാര നയത്തിൽ വരെ യുഎസ് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അതേസമയം, ഇന്ത്യക്കെതിരെ ആദ്യമായിട്ടാണ് ഈ രീതിയിലുള്ള ആരോപണം ഉന്നയിക്കുന്നത്.
മെക്സിക്കോ ആസ്ഥാനമായുള്ള സിനലോവ കാർട്ടൽ, ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടൽ എന്നിവയാണ് നിയമവിരുദ്ധ മയക്കുമരുന്നുകളുടെ ഉൽപ്പാദനത്തിലും വിതരണത്തിലും മുന്നിലുള്ളത്. ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള രാസവസ്തുക്കളും ഉപകരണങ്ങളും ഇവർ ആശ്രയിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
നിയമവിരുദ്ധമായി ഫെൻറാനിൽ ഇറക്കുമതി ചെയ്തതിന് ഇന്ത്യൻ കെമിക്കൽ നിർമാണ കമ്പനിക്കെതിരെയും മൂന്ന് ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും വാഷിങ്ടൺ ഡിസിയിൽ കേസെടുത്തിരുന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനിയിലെ രണ്ട് മുതിർന്ന ജീവനക്കാരെ കഴിഞ്ഞയാഴ്ച ന്യൂയോർക്ക് സിറ്റിയിൽ വച്ച് അറസ്റ്റ് ചെയ്യുകയുമുണ്ടായി.