ക്ലാസ് മുറികളിൽ മൊബൈൽ ഫോണിന് വിലക്കേർപ്പെടുത്തി ചിലി

സാന്റിയാഗോ : വിദ്യാർഥികൾ ക്ലാസ് മുറികളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി ലാറ്റിനമേരിക്കൻ രാജ്യമായ ചിലി. എലമെന്ററി, മിഡിൽ സ്കൂൾ വിദ്യാർഥികൾക്കാണ് മൊബൈൽ ഫോണും മറ്റ് സ്മാർട്ട് ഡിവൈസുകളും ഉപയോഗിക്കുന്നതിൽ വിലക്ക്. ഇതിനായുള്ള നിയമം പാസ്സാക്കി. അടുത്ത വർഷം മുതലാണ് വിലക്ക് നടപ്പാക്കുക.
മൊബൈൽ ഫോൺ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ കുറയ്ക്കുന്നതിനും ക്ലാസ് മുറിയിലെ ശ്രദ്ധ വർധിപ്പിക്കുന്നതിനുമായാണ് പുതിയ നിയന്ത്രണം നടപ്പാക്കുന്നത്. ഒരു സാംസ്കാരിക മാറ്റമാണ് നടപ്പാക്കാൻ പോകുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി നിക്കോൾസ് കാറ്റൽഡോ സമൂഹമാധ്യമങ്ങളിൽ എഴുതി. കുട്ടികൾ വീണ്ടും പരസ്പരം മുഖങ്ങൾ കണ്ടു തുടങ്ങും, ഇടവേളകളിൽ തമ്മിൽ ഇടപഴകും, പഠനത്തിൽ ഏകാഗ്രത കൈവരിക്കും –അദ്ദേഹം പറഞ്ഞു.
സ്കൂളുകളിൽ മൊബൈൽ നിരോധിക്കാനുള്ള ബിൽ ഈ വർഷമാദ്യം തന്നെ സെനറ്റ് പാസ്സാക്കിയിരുന്നു. ഇതിൽ ഏതാനും മാറ്റങ്ങളുമായാണ് ചൊവ്വാഴ്ച ചിലി കോൺഗ്രസ് ബിൽ വോട്ടിങ്ങിലൂടെ പാസ്സാക്കിയത്. ഫ്രാൻസ്, ബ്രസീൽ, ഹംഗറി, നെതർലൻഡ്സ്, ചൈന എന്നീ രാജ്യങ്ങളിൽ നിലവിൽ ക്ലാസ് മുറികളിൽ മൊബൈൽ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.



