ദേശീയം

മഹാരാഷ്ട്രയിൽ ട്രെയിനിൽ ട്രക്ക് ഇടിച്ചുകയറി; അത്ഭുതകരമായി രക്ഷപെട്ട് യാത്രികർ

മുംബൈ : ഓടുന്ന ട്രെയിനിൽ ഇടിച്ചുകയറി ട്രക്ക്. മഹാരാഷ്ട്രയിലെ ബോഡ്‌വാഡ്‌ റെയിൽവേ സ്റ്റേഷനിലെ ക്രോസിങ്ങിലാണ് ഞെട്ടിക്കുന്ന സംഭവം. അപകടത്തിൽ യാത്രക്കാരും ലോക്കോപൈലറ്റും ലോറി ഡ്രൈവറും ക്ലീനറും പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപെട്ടു. വെള്ളിയാഴ്ച പുലർച്ചെ 4.30ന് മുംബൈ- അമരാവതി എക്സ്പ്രസിലാണ് ട്രക്ക് ഇടിച്ചുകയറിയത്.

സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ ട്രക്ക് രണ്ടായി പിളർന്നു. എ‍ഞ്ചിനിൽനിന്ന് പുകയുയരുകയും ചെയ്തു. ട്രക്കിന്റെ മുൻഭാ​ഗം ട്രെയിനിന്റെ എഞ്ചിനിൽ കുടുങ്ങിയതായി കാണാം. എന്നാൽ ട്രെയിനിന്റെ എഞ്ചിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ

ഗോതമ്പ് കയറ്റിയ ട്രക്ക് അനധികൃത വഴിയിലൂടെ റെയിൽവേ ട്രാക്കുകൾ മുറിച്ചുകടക്കാൻ ശ്രമിച്ചപ്പോഴാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ലെവൽ ക്രോസിങ് ഏറെക്കാലമായി അടച്ചിട്ടിരിക്കുകയായിരുന്നു. പകരം ഒരു ഓവർ ബ്രിഡ്ജ് സ്ഥാപിച്ചിരുന്നു. ട്രക്ക് പഴയ ലെവൽ ക്രോസിങ് സ്റ്റോപ്പർ തകർത്ത് ട്രാക്കിലേക്ക് കയറിയതാണ് അപകടകാരണം”- ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.

അപകടത്തിൽ ഇലക്ട്രിക് വയറുകളുൾപ്പെടെ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കൂട്ടിയിടിയുടെ പശ്ചാത്തലത്തിൽ മണിക്കൂറുകളോളം ഈ റൂട്ടിൽ റെയിൽ​ ഗതാ​ഗതം തടസപ്പെട്ടു. തുടർന്ന് രാവിലെ 8.50ഓടെ പുനഃസ്ഥാപിക്കുകയും ചെയ്തു. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button