ആഗോള അയ്യപ്പസംഗമം ഇന്ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ശബരിമല : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പമ്പയില്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. രാവിലെ 9.30ന് തുടങ്ങുന്ന സംഗമത്തില്‍ മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷനാകും. തമിഴ്നാട്ടില്‍നിന്നുള്ള മന്ത്രിമാരായ പി കെ ശേഖര്‍ ബാബു, പളനിവേല്‍ ത്യാഗരാജന്‍ എന്നിവര്‍ക്കൊപ്പം കേരളത്തിലെ മന്ത്രിമാരും പങ്കെടുക്കും. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഭക്തിഗാനാലാപനത്തോടെ ഉദ്ഘാടന സമ്മേളനം ആരംഭിക്കും.
റവന്യു(ദേവസ്വം) വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം സമീപനരേഖ അവതരിപ്പിക്കും. തുടര്‍ന്ന് സമാന്തര ചര്‍ച്ച. പകല്‍ 12 മുതല്‍ വിവിധ വേദികളില്‍ ശബരിമല മാസ്റ്റര്‍പ്ലാന്‍, ആത്മീയ ടൂറിസം സര്‍ക്യൂട്ട്, ശബരിമലയിലെ ആള്‍ക്കൂട്ട നിയന്ത്രണവും തയ്യാറെടുപ്പുകളും എന്നീ വിഷയങ്ങളില്‍ ഒരേസമയം ചര്‍ച്ചനടക്കും. പകല്‍ രണ്ടുമുതല്‍ വിജയ് യേശുദാസ് നയിക്കുന്ന സംഗീതപരിപാടി. 3.20ന് ചര്‍ച്ചകളുടെ സമാഹരണവും തുടര്‍ന്ന് പ്രധാനവേദിയില്‍ സമാപനസമ്മേളനവും. ശേഷം പ്രതിനിധികള്‍ക്ക് ശബരിമല ദര്‍ശനം ഒരുക്കിയിട്ടുണ്ട്.
വിദേശരാജ്യങ്ങളില്‍ നിന്നടക്കം 3000 പ്രതിനിധികള്‍ പങ്കെടുക്കും. ആദ്യം രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് അവസരം. ഇവര്‍ക്കൊപ്പം മത, സാമുദായിക, സാംസ്‌കാരിക രംഗത്തെ 500 പേരും പങ്കെടുക്കും. എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. പാസ് മുഖേനെയാണ് പ്രവേശനം.