ജനങ്ങളുടെ ജീവന് ആപത്തുണ്ടാക്കുന്ന നരഭോജിയായ കടുവക്ക് വേണ്ടി വനനിയമത്തിൽ കടിച്ചു തൂങ്ങരുത് : മുഖ്യമന്ത്രി
കൽപറ്റ : വയനാട് പഞ്ചാരക്കൊല്ലിയിലെ കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിയത് മുഖ്യമന്ത്രിയുടെ ഇടപെടലിൽ. ഉന്നതതല യോഗത്തിന് മുമ്പാണ് മുഖ്യമന്ത്രി കടുത്ത നിലപാട് അറിയിച്ചത്.
അടിയന്തരപരിഹാരം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി കടുത്ത നിലപാടെടുത്തതായാണ് വിവരം. ഉന്നതതലയോഗത്തിന് മുമ്പ് വനം മന്ത്രിയെയും ചീഫ് സെക്രട്ടറിയെയും ഇക്കാര്യം അറിയിച്ചു.
വനനിയമം പറഞ്ഞ് കടിച്ചു തൂങ്ങരുതെന്നും ജനങ്ങളുടെ ജീവന് ആപത്തുണ്ടാകരുതെന്നും മുഖ്യമന്ത്രി കർശന നിർദേശം നൽകി. ദുരന്ത നിവാരണ നിയമ പ്രകാരം ഇടപെടുമെന്ന് ചീഫ് സെക്രട്ടറി വനം മന്ത്രിയേയും സെക്രട്ടറിയെയും അറിയിച്ചു.
മനുഷ്യ ജീവന് ആപത്ത് ഉണ്ടായാൽ മറ്റ് നിയമങ്ങളെ ഡിഎംഎ ആക്ട് സെക്ഷൻ 72 പ്രകാരം മറികടക്കാം. ഇക്കാര്യം വനം വകുപ്പിനെ അറിയിച്ചു. ഇതോടെയാണ് നരഭോജി കടുവയായി വനം വകുപ്പ് പ്രഖ്യാപിച്ചത്.