വെനസ്വേലയിലെ യുഎസ് ആക്രമണം ‘ഭീകരപ്രവര്‍ത്തനം’ : മുഖ്യമന്ത്രി

തിരുവനന്തപുരം : വെനസ്വേലയില്‍ അമേരിക്ക നടത്തിയ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ലാറ്റിന്‍ അമേരിക്കയിലെ ശാന്തതയ്ക്ക് ഭീഷണിയായ യുഎസ് ബോംബാക്രമണങ്ങളെ ‘ഭീകരപ്രവര്‍ത്തനം’ എന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. അമേരിക്കയുടേത് സാമ്രാജ്യത്വ ആക്രമണമാണ്. മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ആഗോള സമാധാനത്തിനായി ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ പ്രതിരോധം ഉയര്‍ന്നുവരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു തെമ്മാടി രാഷ്ട്രത്തിന്റെ ദുഷ്ടമായ പ്രവര്‍ത്തനത്തെയാണ് ഇത് വെളിപ്പെടുത്തുന്നത്. ആക്രമണങ്ങള്‍ സാമ്രാജ്യത്വ വിരുദ്ധ പോരാട്ട പാരമ്പര്യമുള്ള ലാറ്റിന്‍ അമേരിക്കയിലെ സമാധാനത്തിന് ഭീഷണിയാണ്. ആഗോള സമാധാനത്തിനെതിരായ സാമ്രാജ്യത്വ നീക്കങ്ങളെ ചെറുക്കാനും എല്ലാവരും കൈകോര്‍ക്കണമെന്നും പിണറായി വിജയന്‍ ആഹ്വാനം ചെയ്തു.
വെനസ്വേല ആക്രമിച്ച യുഎസ് സൈന്യം പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും ബന്ദികളാക്കി അമേരിക്കയിലെത്തിച്ചു. മഡുറോ ഏകാധിപതിയാണെന്നും, പുതിയ ജനാധിപത്യ സര്‍ക്കാരിന് അധികാരം കൈമാറുന്നതുവരെ വെനസ്വേലയെ അമേരിക്ക ഭരിക്കുമെന്നും യു എസ് പ്രസിഡന്റ് ട്രംപ് പ്രസ്താവിച്ചു. മഡുറോയും ഭാര്യയും അമേരിക്കയില്‍ വിചാരണ നേരിടണമെന്നും ട്രംപ് അഭിപ്രായപ്പെട്ടു. മഡുറോയെ മോചിപ്പിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്.



