ജപ്പാനിൽ ചെറി ബ്ലോസം സീസണിന് തുടക്കം

ടോക്യോ : ജപ്പാനിൽ ചെറി ബ്ലോസം സീസണിന് തുടക്കം. മൂന്ന് നഗരങ്ങളിൽ ചെറിപ്പൂക്കൾ വിരിഞ്ഞതായി ജാപ്പനീസ് ഗവൺമെന്റിന്റെ ചെറി ബ്ലോസം സ്‌പോട്ടർമാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതോടെ സീസൺ തുടങ്ങിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. തെക്കുപടിഞ്ഞാറൻ കോച്ചിയിലും മധ്യ ജപ്പാനിലെ ഗിഫു, യമനാഷി എന്നിവിടങ്ങളിലുമാണ് പൂക്കൾ വിരിഞ്ഞത്. ജപ്പാനിലെ ഏറ്റവും ജനപ്രിയമായ ചെറി വകഭേദമായ സോമി യോഷിനോയാണ് ഇവിടങ്ങളിൽ വിരിഞ്ഞത്.
ജപ്പാൻ കാലാവസ്ഥാ ഏജൻസി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഓരോ മരത്തിലും അഞ്ചിൽ കൂടുതൽ പൂക്കൾ കണ്ടെത്തി. അഞ്ചിൽ കൂടുതൽ പൂക്കൾ വിരിഞ്ഞാൽ സീസൺ ആരംഭിച്ചെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കും. കോച്ചിയിലുള്ള മരങ്ങളിലാണ് ആദ്യം പൂക്കൾ വിരിഞ്ഞത്. മുൻവർഷങ്ങളിലും കോച്ചി നഗരത്തിലാണ് സീസൺ ആരംഭിച്ചത്. കോച്ചിയിൽ മുൻ വർഷത്തേക്കാൾ ആറ് ദിവസം മുമ്പും ഗിഫുവിലെയും യമനാഷിയിലെയും മുൻവർഷത്തേക്കാൾ ഒമ്പത് ദിവസം മുമ്പും പൂക്കൾ വിരിഞ്ഞതായി ജെഎംഎ അറിയിച്ചു.
ശൈത്യകാലത്ത് കുറഞ്ഞ മഴയും കൂടുതൽ മണിക്കൂർ വെയിലും ലഭിച്ചതും നേരത്തെ പൂവിടാൻ സഹായിച്ചിരിക്കാമെന്ന് കോച്ചി കാലാവസ്ഥാ ഏജൻസിയിൽ നിന്നുള്ള ഷിനോബു ഇമോട്ടോ പറഞ്ഞു. മാർച്ച് അവസാനം മുതൽ ഏപ്രിൽ ആദ്യം വരെയാണ് ചെറി ബ്ലോസം അഥവാ “സകൂറ” ഉച്ചസ്ഥായിയിലെത്തുന്നത്. ജപ്പാനിൽ ഇത് പുതിയ സ്കൂൾ, ബിസിനസ് വർഷത്തിന്റെ തുടക്കം കൂടിയാണ്. ഇതിനാൽത്തന്നെ ജപ്പാനിലെ ജനത ചെറി ബ്ലോസം സീസൺ വ്യാപകമായി ആഘോഷിക്കുകയും പുതിയ തുടക്കത്തിന്റെ ചിഹ്നമായി കണക്കാക്കുകയും ചെയ്യുന്നു. ജപ്പാൻ സംസ്കാരത്തിൽ പുതുവഴികൾ ആരംഭിക്കുന്നതിന്റെ പ്രതീകമായും സാകുറയെ കാണാറുണ്ട്.
എന്താണ് സകൂറ :-
ചെറി ബ്ലോസത്തിന് ജാപ്പനീസിൽ പറയുന്ന പേരാണ് സകൂറ. ജാപ്പനീസ് ചെറി അല്ലെങ്കിൽ സകൂറ എന്നറിയപ്പെടുന്ന ചെറി പുഷ്പം ( Prunus serrulata ), റോസ് കുടുംബത്തിലെ (Rosaceae) ഒരു ഇലപൊഴിയും അലങ്കാര വൃക്ഷമാണ്. ജപ്പാൻ, കൊറിയ, ചൈന എന്നിവിടങ്ങളിലാണ് പ്രധാനമായുള്ളത്. പിങ്ക് അല്ലെങ്കിൽ വെള്ള നിറത്തിലുള്ള ഈ വസന്തകാല പൂക്കൾ ലോകമെമ്പാടും പ്രശസ്തമാണ്.
നൂറ്റാണ്ടുകളായി ജാപ്പനീസ് സംസ്കാരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നതാണ് സകൂറ. സമുറായി സംസ്കാരവുമായി ബന്ധപ്പെട്ടാണ് സകൂറ പരാമർശിക്കപ്പെടുന്നത്. പൂക്കൾ കുറച്ച് ദിവസങ്ങൾ മാത്രമേ മരത്തിൽ നിലനിൽക്കൂ. അതിനാൽ ജീവിതത്തിന്റെ ക്ഷണികമായ സ്വഭാവത്തെയും നവീകരണത്തെയും സൗന്ദര്യം, മരണം എന്നിവയെയും പ്രതിനിധീകരിക്കുന്നവയാണ് ചെറിപ്പൂക്കൾ. സമൃദ്ധമായ പൂത്തുലഞ്ഞു നിൽക്കുന്ന ചെറി മരങ്ങൾക്കടിയിൽ പിക്നിക്കുകൾ നടത്തുന്ന ജപ്പാനിലെ പാരമ്പര്യമാണ് ഹനാമി (Hanami). ഇത് നൂറ്റാണ്ടുകളായി ആഘോഷിക്കപ്പെടുന്ന ഒന്നാണ്. പ്രശസ്ത ജാപ്പനീസ് കോമിക് സീരീസായ നരുട്ടോയിൽ സകൂറ എന്നുള്ള പേരുകൾ കഥാപാത്രങ്ങൾക്ക് വ്യാപകമായി ഉപയോഗിക്കാറുണ്ട്. സകൂറ ഹരുണോ, സകൂറ കിനോമോട്ടോ എന്നിവ ഉദാഹരണം. ജാപ്പനീസ് സംസ്കാരത്തിലും പൊതുവേ ഉപയോഗിക്കപ്പെടുന്ന പേരാണ് സകൂറ.
സകൂറ ജപ്പാന്റെ കല, സാഹിത്യം, സിനിമ, സംഗീതം എന്നിവയിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഒരു സഹസ്രാബ്ദത്തിലേറെയായി ജാപ്പനീസ് കല, കവിത, തത്ത്വചിന്ത എന്നിവയുടെ കേന്ദ്രബിന്ദുവാണ് ചെറിപ്പൂക്കൾ. ചെറി മരങ്ങൾ സൗഹൃദത്തെയും പ്രതിനിധീകരിക്കുന്നുണ്ട്. 1912-ൽ ജപ്പാൻ വാഷിംഗ്ടൺ ഡിസിക്ക് 3,000 ചെറി മരങ്ങൾ സമ്മാനമായി നൽകിയത് ഉദാഹരണം. സോമി യോഷിനോയ്ക്ക പുറമെ ‘കാൻസാൻ’ (ഇരട്ട-പിങ്ക് പൂക്കൾ), ‘ഷിറോട്ടേ’ (സുഗന്ധമുള്ള വെള്ള പൂക്കൾ), ‘ഷോഗെറ്റ്സു’ (വെളുത്ത പൂക്കളുടെ കൂട്ടം), ‘ഷിറോഫ്യൂജൻ’ (വെള്ളയിൽ നിന്ന് പിങ്കിലേക്ക് നിറം മാറുന്നവ) എന്നിവയും ജപ്പാനിലെ ജനപ്രിയ ചെറി ഇനങ്ങളാണ്. ഇനങ്ങൾ അനുസരിച്ച്, പൂക്കളുടെ രൂപം, പൂവിടുന്ന സമയം എന്നിവ വ്യത്യാസപ്പെട്ടിരിക്കും.
തേനീച്ചകളെയും ചിത്രശലഭങ്ങളെയും വ്യാപകമായി ആകർഷിക്കുന്ന ഇവയുടെ പൂക്കളും ഇലകളുമെല്ലാം ചേർന്നൊരുക്കുന്ന ദൃശ്യഭംഗി ലോകമെമ്പാടും ആരാധകരുള്ള അലങ്കാര വൃക്ഷങ്ങളിലൊന്നാക്കി മാറ്റുന്നു. ജപ്പാനിലെ ടോക്യോ, ക്യോട്ടോ, ഒസാക്ക എന്നിവിടങ്ങളിൽ സകൂറ പൂക്കൾ കാണാൻ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള സഞ്ചാരികൾ എത്താറുണ്ട്.



