കേരളം

ആഡംബരജീവിതം കടക്കെണിയിലാക്കി; ബാധ്യതവീട്ടാന്‍ ബാങ്ക് കൊള്ള

തൃശൂര്‍ : ചാലക്കുടി പോട്ടയില്‍ പട്ടാപ്പകല്‍ ബാങ്ക് കവര്‍ച്ച നടത്തിയ പ്രതി പിടിയിലായത് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍. ബാങ്ക് കവര്‍ച്ച നടത്തി കടന്നുകളയുമ്പോള്‍ പ്രതി ചാലക്കുടി സ്വദേശി റിജോ ആന്റണി ദേശീയപാതയെ കൂടുതലായി ആശ്രയിച്ചിരുന്നില്ല. ദേശീയ പാതയിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് പൊലീസ് പറയുന്നു. ദേശീയ പാതയിലെ സിസിടിവി ദൃശ്യങ്ങളില്‍ പ്രതിയുടെ ബൈക്ക് പതിഞ്ഞിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇടറോഡുകളിലൂടെയാണ് പ്രതി പോയതെന്ന നിഗമനത്തില്‍ എത്തി. ഇതോടെ സ്ഥലത്തെ കുറിച്ച് വ്യക്തമായി അറിയുന്ന പ്രദേശവാസിയാണ് ഇതിന് പിന്നിലെന്ന് പൊലീസ് ഉറപ്പിച്ചു. ഇതിന്റെ ചുവടുപിടിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായതെന്നും പൊലീസ് പറയുന്നു.

കഴിഞ്ഞ ഏതാനും ദിവസം ബാങ്കിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ച ശേഷമാണ് പ്രതി കവര്‍ച്ച നടത്താന്‍ ഉച്ച സമയം തെരഞ്ഞെടുത്തത് എന്നും പൊലീസ് പറയുന്നു. ജീവനക്കാര്‍ പുറത്തുപോകുന്ന സമയവും മറ്റും മനസിലാക്കിയാണ് പ്രതി മോഷണം ആസൂത്രണം ചെയ്തത്. കവര്‍ച്ച നടത്തുമ്പോള്‍ ബാങ്കില്‍ 47 ലക്ഷം രൂപ ഉണ്ടായിരുന്നു. എന്നാല്‍ 15 ലക്ഷം രൂപ മാത്രമാണ് പ്രതി എടുത്തത്. ഇതോടെ ഓയൂരില്‍ കടം വീട്ടാനായി കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികള്‍ക്ക് സമാനമായി കടം വീട്ടാനാണ് ചാലക്കുടിയില്‍ കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന സംശയം പൊലീസിന് ബലപ്പെട്ടിരുന്നു. തുടര്‍ന്ന് കടം വാങ്ങിയ ശേഷം തിരിച്ചടയ്ക്കാത്തവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും പ്രതിയിലേക്ക് എത്താന്‍ സഹായകമായതായും പൊലീസ് പറയുന്നു.

ചാലക്കുടി ആശേരിപ്പാറ സ്വദേശിയായ റിജോയെ വീട്ടില്‍ നിന്ന് തന്നെയാണ് പൊലീസ് പിടികൂടിയത്. കൂടാതെ മോഷണം നടന്ന ഉടന്‍ തന്നെ തൊട്ടടുത്തുള്ള റെയില്‍വേ സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും സംശയകരമായ ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇതും പ്രതി പ്രദേശം വിട്ടുപോയിട്ടുണ്ടാകാന്‍ സാധ്യതയില്ല എന്ന നിഗമനത്തില്‍ എത്തിച്ചേരാന്‍ പൊലീസിനെ സഹായിച്ചു.

മോഷണം നടത്തിയത് കടം വീട്ടാന്‍

മോഷണം നടത്തിയത് കടം വീട്ടാനെന്ന് പ്രതി മൊഴി നല്‍കിയതായും പൊലീസ് പറയുന്നു. ആഡംബര ജീവിതം നയിക്കുന്നയാളാണ് പ്രതി. പ്രതിയുടെ ഭാര്യ വിദേശത്ത് നഴ്‌സ് ആയി ജോലി ചെയ്യുകയാണ്. ഭാര്യ വിദേശത്ത് നിന്ന് അയച്ചുകൊടുത്ത പണം പ്രതി ധൂര്‍ത്തടിച്ചതായും പൊലീസ് പറയുന്നു. ഭാര്യ നാട്ടിലെത്താന്‍ സമയമായപ്പോള്‍ പണം എവിടെ എന്ന ഭാര്യയുടെ ചോദ്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയും മറ്റുള്ളവരില്‍ നിന്ന് വാങ്ങിയ കടം വീട്ടാനുമായാണ് മോഷണം ആസൂത്രണം ചെയ്തതെന്നും പ്രതി മൊഴി നല്‍കിയതായും പൊലീസ് പറയുന്നു. സ്വന്തം ബൈക്ക് ഉപയോഗിച്ചാണ് പ്രതി മോഷണം നടത്തിയത്. വ്യാജ നമ്പര്‍ പ്ലേറ്റാണ് ഉപയോഗിച്ചതെന്നും പൊലീസ് പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button