ബൊളീവിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മധ്യവലതുപക്ഷ നേതാവായ സെനറ്റർ റോഡ്രിഗോ പാസിന് വിജയം

ലാ പാസ് : ബൊളീവിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മധ്യവലതുപക്ഷ നേതാവായ സെനറ്റർ റോഡ്രിഗോ പാസിന് വിജയം. ഞായറാഴ്ച നടന്ന രണ്ടാംവട്ട തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർടി പ്രതിനിധിയായ പാസ് 54.60 ശതമാനം വോട്ടുകൾ നേടിയാണ് തീവ്ര വലതുപക്ഷ സ്ഥാനാർത്ഥി ജോർജ് ട്യൂട്ടോ ക്വിറോഗയെ പരാജയപ്പെടുത്തിയത്. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ ബൊളീവിയയെ വിശാലമായ അന്താരാഷ്ട്ര നിക്ഷേപത്തിനായി തുറന്നുകൊടുക്കുമെന്നും സ്വകാര്യമേഖലയുടെ വളർച്ചയെ ഉത്തേജിപ്പിക്കുമെന്നും തന്റെ വിജയ റാലിയിൽ പാസ് പറഞ്ഞു.
ഇവോ മൊറാലിസിന്റെ നേതൃത്വത്തിൽ 2006ൽ തുടക്കമിട്ട മൂവ്മെന്റ് ഫോർ സോഷ്യലിസം (മാസ്) പാർടിയുടെ രണ്ടുപതിറ്റാണ്ടത്തെ ഭരണമാണ് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഉപരോധം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയും അഭിപ്രായഭിന്നതയും കാരണം അവസാനിച്ചത്. ആഗസ്‍തിൽ നടന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ടിൽ അപ്രതീക്ഷിതമായാണ് 58 കാരനായ പാസ് മുന്നിലെത്തിയത്. മാസിന്റെ സ്ഥാനാർഥി രണ്ടാംഘട്ടത്തിലേക്ക് കടന്നില്ല. ഇൗ സാഹചര്യത്തിൽ എതിരാളിയായ ക്വിറോഗയെ അപേക്ഷിച്ച് മിതവാദിയാണെന്നതാണ് പാസിന് അനുകൂലഘടകമായത്. ഭരണമാറ്റം ആഗ്രഹിച്ചവരും എന്നാൽ തീവ്രവലതുപക്ഷക്കാരനായ ക്വിറോഗയ്ക്ക് വോട്ട് ചെയ്യാൻ ആഗ്രഹിക്കാത്തവരുമായ ഇടതുപക്ഷ ചായ്‌വുള്ള വോട്ടർമാർ പാസിനെ പിന്തുണച്ചു.