അന്തർദേശീയം
സിറിയയിൽ വെടിനിർത്തൽ; കുർദു സേന ഇനി സർക്കാരിന്റെ ഭാഗമാകും

തബ്ഖ : വടക്കൻ സിറിയയിലെ അലപ്പോയിലുൾപ്പെടെ അതിരൂക്ഷമായ പോരാട്ടത്തിലേർപ്പെട്ടിരുന്ന കുർദ് സേനയായ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസ് (എസ്ഡിഎഫ്) സർക്കാരുമായി വെടിനിർത്തൽ കരാറുണ്ടാക്കി. തങ്ങളുടെ കൈവശമായിരുന്ന ദെയ്റെസോർ, റഖ മേഖലകൾ സർക്കാരിനു കൈമാറിയ എസ്ഡിഎഫ് ഇനി പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങളുടെ ഭാഗമാകും. പൂർണ മിലിറ്ററി റാങ്കുകൾ ഉൾപ്പെടെ ഉറപ്പാക്കിയാണ് ഇവരെ സർക്കാർ സേനയുടെ ഭാഗമാക്കുന്നത്.
ദെയ്റെസോർ, റഖ മേഖലകളിലെ സ്ഥാപനങ്ങളുടെയും എണ്ണപ്പാടങ്ങളുടെയും അതിർത്തികളുടെയും നിയന്ത്രണം ഇതോടെ സർക്കാരിനു ലഭിക്കും. സിറിയ പ്രസിഡന്റ് അഹമ്മദ് അശ്ശറാ ഇന്നലെ യുഎസ് പ്രത്യേക പ്രതിനിധി തോമസ് ബറാക്കുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് എസ്ഡിഎഫുമായി വെടിനിർത്തൽ.



