യുക്രെയിൻ യുദ്ധത്തിനായി മനുഷ്യക്കടത്ത് : തിരുവനന്തപുരത്തെ രണ്ടു ട്രാവൽ ഏജൻസികൾ സീൽ ചെയ്തു
തിരുവനന്തപുരം : യുക്രെയ്നിൻ യുദ്ധമുഖത്തെ ജോലികൾക്കായി റഷ്യയിലേക്ക് മനുഷ്യക്കടത്ത് നടത്തിയ രണ്ടു ട്രാവൽ ഏജൻസികൾ അടച്ചു പൂട്ടി. തിരുവനന്തപുരം തകരപ്പറമ്പിലെയും കഴക്കൂട്ടത്തെയും ട്രാവൽ ഏജൻസി ഓഫിസുകളാണ് സിബിഐ അടച്ചുപൂട്ടിയത് രേഖകൾ പിടിച്ചെടുത്തു. ഈ ഏജൻസികൾ വഴി റഷ്യയിലേക്കു മനുഷ്യക്കടത്തു നടന്നതായാണു സിബിഐ കണ്ടെത്തിയിരിക്കുന്നത്.
സമൂഹമാധ്യമ പ്രചാരണത്തിലൂടെ ഉദ്യോഗാർഥികളെ ആകർഷിച്ച്, മറ്റു ജോലികൾക്ക് എന്ന പേരിൽ പണം വാങ്ങിയാണു റഷ്യയിലേക്ക് അയച്ചത്. റഷ്യൻ സർക്കാരിൽ ഓഫിസ് ജോലി, ഹെൽപർ, സെക്യൂരിറ്റി ഓഫിസർ ജോലികളായിരുന്നു വാഗ്ദാനം. ഒരു വർഷം കഴിഞ്ഞാൽ റഷ്യൻ പൗരത്വം ലഭിക്കുമെന്ന് ഉറപ്പുനൽകി. 1.95 ലക്ഷം ഇന്ത്യൻ രൂപ പ്രതിമാസ ശമ്പളവും 50,000 രൂപ അലവൻസും ലഭിക്കുമെന്നു വിശ്വസിപ്പിച്ചു. മെഡിക്കൽ പരിശോധനയ്ക്ക് ശേഷമായിരുന്നു റിക്രൂട്‌മെന്റ്. പണം നൽകി അഞ്ചാം ദിവസം വീസ നൽകി. ഒരു വർഷത്തെ കരാറിലാണു കൊണ്ടുപോയത്. ഇങ്ങനെ എത്തിയ 35 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്റർപോളുമായി ചേർന്ന് ഇവരെ തിരിച്ചെത്തിക്കാൻ സിബിഐ ശ്രമിക്കുന്നു.
ഡൽഹിയിൽ നിന്നു മോസ്‌കോയിലേക്കു നേരിട്ടും ഷാർജ വഴിയും ആയിരുന്നു യാത്ര. റഷ്യയിലെത്തിയ ഉടൻ പാസ്‌പോർട്ട് അവിടത്തെ ഏജന്റുമാർ പിടിച്ചെടുത്തു. ആയുധപരിശീലനം നൽകിയശേഷം റഷ്യൻ പട്ടാളത്തിന്റെ യൂണിഫോം ധരിപ്പിച്ച് യുദ്ധമുഖത്തെത്തിച്ചതായി സിബിഐ പറയുന്നു. തിരുവനന്തപുരം തുമ്പ ഫാത്തിമ ആശുപത്രിക്കടുത്ത് ടീന കോട്ടേജിൽ ഡോമിരാജ് (ടോമി), കഠിനംകുളം തൈവിളാകം തെരുവിൽ റോബർട്ട് അരുളപ്പൻ (റോബോ), തിരുവനന്തപുരം പുത്തൻകുറിച്ചി തൈവിളാകം തെരുവിൽ സജിൻ ഡിക്‌സൺ എന്നിവരാണ് 19 പേരുടെ പ്രതിപ്പട്ടികയിലുള്ള മലയാളികൾ. തീരദേശത്തുനിന്നുള്ള ആരെല്ലാം ഈ ഏജൻസികൾ വഴി വിദേശത്തേക്കു പോയി എന്ന വിവരം കേരളാ പൊലീസ് ശേഖരിക്കുന്നുണ്ട്.
കേസിൽ യൂട്യൂബർ ഫൈസൽ അബ്ദുൽ മുത്തലിബ് ഖാൻ സിബിഐയുടെ നിരീക്ഷണത്തിലാണ്. റഷ്യയിലെ ജോലി സംബന്ധിച്ച് ‘ബാബാ വ്ലോഗ്സ്’ എന്ന പേരിലുള്ള തന്റെ യൂട്യൂബ് ചാനലിൽ ഫൈസൽ ഇട്ട വിഡിയോ കണ്ട് പലരും അവിടേക്കു പോയതാണു പരിശോധിക്കുന്നത്. റഷ്യൻ സേനയിൽ ഹെൽപർ ജോലി വാഗ്ദാനം ചെയ്തുള്ള വിഡിയോകൾ ഏതാനും മാസം മുൻപ് ഫൈസൽ ഇട്ടിരുന്നു. യുക്രെയ്നിൽ യുദ്ധത്തിനിടെ കൊല്ലപ്പെട്ട ഹൈദരാബാദ് സ്വദേശി മുഹമ്മദ് അഫ്സാന്റെ സഹോദരൻ ഫൈസലിനെതിരെ പരാതിപ്പെട്ടിരുന്നു.