കേരളം

യാക്കോബായ സഭയുടെ അധ്യക്ഷനായി ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ സ്ഥാനമേറ്റു

കൊച്ചി : യാക്കോബായ സഭയുടെ അധ്യക്ഷനായി ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ സ്ഥാനം ഏറ്റെടുത്തു. സഭാ ആസ്ഥാനമായ പുത്തന്‍ കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ മാര്‍ അത്തനേഷ്യസ് കത്തീഡ്രലിലാണ് ചടങ്ങുകള്‍ നടന്നത്. കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ കബറിങ്കല്‍ ധൂപ പ്രാര്‍ഥനയ്ക്കു ശേഷമായിരുന്നു സ്ഥാനാരോഹണ ശുശ്രൂഷകള്‍ (സുന്ത്രോണീസോ).

യാക്കോബായ സഭയുടെ അധ്യക്ഷനായി ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവയെ നിയമിച്ചുകൊണ്ടുള്ള ആകമാന സുറിയാനി സഭയുടെ അധ്യക്ഷനായ പാത്രയര്‍ക്കീസ് ബാവയുടെ സന്ദേശം ചടങ്ങില്‍ വായിച്ചു. സ്ഥാന ചിഹ്നമായ അംശവടി കൈമാറി കൊണ്ടായിരുന്നു ചടങ്ങുകള്‍ അവസാനിച്ചത്. ചടങ്ങില്‍ മലങ്കരയുടെ വലിയ മെത്രാപ്പൊലീത്ത ഡോ. ഏബ്രഹാം മാര്‍ സേവേറിയോസ് മുഖ്യ കാര്‍മികത്വം വഹിച്ചു. പാത്രിയര്‍ക്കീസ് ബാവായുടെ പ്രതിനിധിയായി എത്തുന്ന ബെയ്‌റൂട്ട് ആര്‍ച്ച് ബിഷപ് മാര്‍ ഡാനിയല്‍ ക്ലീമീസ്, ഹോംസ് ആര്‍ച്ച് ബിഷപ് മാര്‍ തിമോത്തിയോസ് മത്താ അല്‍ ഖൂറി, ആലപ്പോ ആര്‍ച്ച് ബിഷപ് മാര്‍ ബൗട്രസ് അല്‍ കിസിസ് എന്നിവരും സഭയിലെ മെത്രാപ്പൊലീത്തമാരും സഹ കാര്‍മികരായി.

ലബനനിലെ സ്ഥാനാരോഹണ ചടങ്ങുകള്‍ക്കുശേഷം ഉച്ചയ്ക്ക് ഒന്നരയ്ക്ക് കൊച്ചി വിമാനത്താവളത്തിലെത്തിയ ബാവായ്ക്ക് വന്‍സ്വീകരണമാണ് വിശ്വാസികള്‍ ഒരുക്കിയത്. ബാവായെ സ്വീകരിക്കാന്‍ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലും ജനക്കൂട്ടമെത്തി. ഒട്ടേറെ വാഹനങ്ങളുടെ അകമ്പടിയോടെ പെരുമ്പാവൂര്‍, പട്ടിമറ്റം, പത്താംമൈല്‍ വഴി 3.30നു പുത്തന്‍കുരിശിലെത്തുന്ന ബാവായെ പാത്രിയര്‍ക്കാ സെന്ററിലേക്കു സ്വീകരിച്ച് ആനയിക്കുകയായിരുന്നു. വൈകിട്ട് 6നു ആരംഭിച്ച അനുമോദന സമ്മേളനത്തില്‍ കേന്ദ്ര, സംസ്ഥാന മന്ത്രിമാരും വിവിധ മത മേലധ്യക്ഷന്മാരും പങ്കെടുക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button