അന്തർദേശീയം

ബഹ്‌റൈന് പിന്നാലെ കുവൈത്തിലെയും പ്രവർത്തനം അവസാനിപ്പിച്ച് കാരിഫോർ

കുവൈത്ത് സിറ്റി : ഫ്രഞ്ച് റീട്ടെയ്ല്‍ കമ്പനി ആയ കാരിഫോർ കുവൈത്തിലെ പ്രവർത്തനം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് രാജ്യത്തെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നു എന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചത്. ദിവസങ്ങൾക്ക് മുൻപ് ബഹ്‌റൈനിലെ പ്രവർത്തനവും കമ്പനി അവസാനിപ്പിച്ചിരുന്നു.

കഴിഞ്ഞ വർഷങ്ങളിൽ നിങ്ങൾ നൽകിയ പിന്തുണയ്ക്ക് മാനേജ്‌മെന്റിന്റെയും ജീവനക്കാരുടെയും പേരിൽ ഞങ്ങൾ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു എന്ന് കാരിഫോർ സാമൂഹിക മാധ്യമത്തിൽ പങ്ക് വെച്ച കുറിപ്പിൽ പറയുന്നു.

മിഡിൽ ഈസ്റ്റിൽ കാരിഫോർ പ്രവർത്തിപ്പിക്കാനുള്ള ലൈസൻസ് നേടിയിട്ടുള്ള ദുബൈ ആസ്ഥാനമായുള്ള മാജിദ് അൽ ഫുട്ടൈം (എം എ എഫ്) എന്ന ഗ്രൂപ്പ് ആണ്. എന്ത് കൊണ്ടാണ് കാരിഫോർ പ്രവർത്തനം അവസാനിപ്പിക്കുന്നത് എന്ന് വ്യക്തമാക്കാൻ അവർ തയ്യറായിട്ടില്ല.

കാരിഫോറിന് പകരം ഹൈപ്പർമാക്സ് എന്ന റീട്ടെയ്ല്‍ കമ്പനി ബഹ്‌റൈനിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിന്റെ പിന്തുണയോടെ ബഹ്‌റൈനിൽ ഹൈപ്പർമാക്സ് ഇതിനകം ആറ് ഔട്ട്‌ലെറ്റുകൾ തുറന്നിട്ടുണ്ട്. 1,600 ൽ അധികം ആളുകൾ ആണ് ഇവിടെ ജോലി ചെയ്യുന്നത്. കുവൈത്തിലും സമാനമായ രീതിയിൽ ഹൈപ്പർമാക്സ് സ്റ്റോറുകൾ തുറക്കുമെന്നാണ് വിലയിരുത്തൽ.

കാരിഫോർ ഗൾഫ് മേഖല വിടുന്നു എന്നതിന്റെ സൂചനയായി ആണ് ഈ രണ്ട് രാജ്യങ്ങളിലെയും പ്രവർത്തനം ഉടൻ അവസാനിപ്പിച്ചതെന്നാണ് വിലയിരുത്തൽ. ജോർദാനിലും ഒമാനിലും നേരത്തെ കാരിഫോർ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. ഇനി യു എ ഇയിലെ പ്രവർത്തനവും കമ്പനി അവസാനിപ്പിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ.

അടുത്തിടെ റീട്ടെയ്ല്‍ രംഗത്തെ സാധ്യതകള്‍ ലക്ഷ്യമിട്ട് കാരിഫോർ ഇന്ത്യയിലേക്ക് എത്തുന്നു എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ദുബൈയിൽ അപ്പാരല്‍ ഗ്രൂപ്പുമായി ചേര്‍ന്നാണ് ഇന്ത്യയിലെ പ്രവർത്തനങ്ങൾ നടത്തുക. തുടക്കത്തില്‍ ഉത്തരേന്ത്യയില്‍ സ്റ്റോര്‍ ആരംഭിക്കുകയും അടുത്ത ഘട്ടത്തില്‍ കാരിഫോര്‍ കേരളത്തിലും സ്റ്റോറുകൾ തുറക്കുമെന്ന് അപ്പാരല്‍ ഗ്രൂപ്പിന്റെ ഇന്ത്യയിലെ മേധാവി നിലേഷ് വേദ് പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button