അന്തർദേശീയം

ശ്രീലങ്കയിൽ ബസ് മലഞ്ചെരിവിലേക്ക് ഇടിച്ചുകയറി അപകടം; 15 ബുദ്ധ തീ‍ർത്ഥാടകർ മരിച്ചു, 30 പേർക്ക് പരിക്ക്

കൊളംബോ : ശ്രീലങ്കയിൽ തീ‍ർത്ഥാടകരുമായി സഞ്ചരിച്ച ബസ് മലഞ്ചെരിവിലേക്ക് ഇടിച്ചുകയറി അപകടം. അപകടത്തിൽ 15 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. മധ്യ മലയോര മേഖലയായ കോട്‌മലെയിലൂടെ സഞ്ചരിക്കുകയായിരുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ബസാണ് അപകടത്തിൽപ്പെട്ടത്. സമീപ കാലത്ത് രാജ്യത്ത് നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ അപകടമാണിത്.

ഇന്ന് പുലർച്ചെയാണ് സംഭവം. ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്ന് മാറി മലഞ്ചെരിവിലേക്ക് ഇടിച്ചുകയറി നിൽക്കുകയായിരുന്നു. ഇതിനു ശേഷം ബസ് മറിയുകയും ചെയ്തു. ശ്രീലങ്കയിൽ ഇതേ റൂട്ടിൽ പ്രതിവർഷം ശരാശരി 3,000 റോഡപകട മരണങ്ങൾ നടക്കുന്നുണ്ടെന്നാണ് കണക്ക്. ലോകത്തിലെ ഏറ്റവും അപകടകരമായ റോഡുകളിൽ ഒന്നാണിത്.

അതേ സമയം ബസിൽ ആളുകളെ കുത്തി നിറച്ചാണ് കൊണ്ടു പോയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഒറ്റ ബസിൽ 70 യാത്രക്കാരാണ് ഉണ്ടായിരുന്നത്. 50 പേർക്കാണ് സാധാരണ ഈ ബസിൽ പോകാൻ അനുവാദമുള്ളത്. അതിനേക്കാൾ 20 യാത്രക്കാരെ അധികം വഹിച്ചായിരുന്നു ബസിന്റെ സാഹസിക യാത്ര. കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

മെക്കാനിക്കൽ തകരാറാണോ, അതോ ഡ്രൈവർ ഉറങ്ങിപ്പോയതാണോ എന്നതു സംബന്ധിച്ച അന്വേഷണം നടന്നു വരികയാണ്. 15 പേർ മരിച്ചു. പരിക്കേറ്റ 30 പേരെ ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് പറഞ്ഞതായി എഎഫ്പി റിപ്പോ‍ർട്ട് ചെയ്യുന്നു. അവരിൽ ഭൂരിഭാഗം പേരും ബുദ്ധമതവിശ്വാസികളായിരുന്നുവെന്നും റിപ്പോർട്ട്.

ദ്വീപിന്റെ തെക്കൻ തീരത്തുള്ള തീർത്ഥാടന നഗരമായ കതരഗമയിൽ നിന്ന് കുറുണെഗലയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ബസ്. ഏകദേഷം 250 കിലോമീറ്ററാണ് ഇരു നഗരങ്ങളും തമ്മിലുള്ള ദൂരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button