കേരളം

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് 5 മെഡിക്കൽ വിദ്യാർഥികൾ മരിച്ചു

ആലപ്പുഴ:  കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന 5 മെഡിക്കൽ വിദ്യാർഥികൾ മരിച്ചു. ദേശീയപാതയിൽ കളർകോട് ചങ്ങനാശേരിമുക്ക് ജംക്‌ഷനിൽ വെച്ച് രാത്രി രാത്രി 9.20നായിരുന്നു അപകടം. ആലപ്പുഴ ഗവ. മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളായ കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ (19), ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം (19), മലപ്പുറം സ്വദേശി ദേവനന്ദൻ (19), ആലപ്പുഴ സ്വദേശി ആയുഷ് ഷാജി (19), പാലക്കാട് സ്വദേശി ശ്രീദീപ് (19) എന്നിവരാണു മരിച്ചത്.

അപകടത്തിൽ  5 പേർക്കു പരിക്കേറ്റു. കാറിലുണ്ടായിരുന്ന 10 പേരും ആലപ്പുഴ ഗവ. മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികള‍ാണ്. ഗൗരിശങ്കർ, ആൽബിൻ, കൃഷ്ണദേവ്, മുഹ്സിൻ, ഷെയ്ൻ എന്നിവർക്കാണു പരിക്കേറ്റത്. ചില ബസ് യാത്രക്കാർക്കും പരിക്കേറ്റു. എല്ലാവരും ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.കനത്ത മഴ പെയ്യുമ്പോഴാണ് അപകടം ഉണ്ടായത്. ഗുരുവായൂരിൽനിന്നു കായംകുളത്തേക്കു പോകുകയായിരുന്ന കായംകുളം ഡിപ്പോയിലെ ആർപിഎം 624 എന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ആലപ്പുഴ ഭാഗത്തേക്കു പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാർ നിയന്ത്രണംവിട്ട് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്നു ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ കാർ പൂർണമായും തകർന്നു. 3 പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. കാർ വെട്ടിപ്പൊളിച്ചാണു വിദ്യാർഥികളെ പുറത്തെടുത്തത്.

വണ്ടാനത്തെ ഗവ. മെഡിക്കൽ കോളജ് ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികൾ രാത്രി സിനിമ കാണാനായി ആലപ്പുഴ നഗരത്തിലേക്കു പോകുമ്പോഴായിരുന്നു അപകടമെന്നു സഹപാഠികൾ പറഞ്ഞു. അമ്പലപ്പുഴ കാക്കാഴം സ്വദേശിയുടെ കാർ വാടകയ്ക്കെടുത്തായിരുന്നു യാത്ര. കനത്ത മഴയിൽ കാഴ്ച അവ്യക്തമായതും റോഡിൽ വാഹനം തെന്നിയതുമാകാം അപകടത്തിനു കാരണമെന്നു കരുതുന്നതായി ആർടിഒ എ.കെ.ദിലു പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button