ഇറ്റലിയില്‍ ജോര്‍ജിയ മെലോനി അധികാരമേറ്റു
റോം : ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ദേശീയവാദികളായ ബ്രദേഴ്സ് ഒഫ് ഇറ്റലി പാര്‍ട്ടിയുടെ നേതാവ് ജോര്‍ജിയ മെലോനി (45) അധികാരമേറ്റു.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇറ്റലിയില്‍ ഭരണത്തിലെത്തുന്ന ഏറ്റവും കടുത്ത വലതുപക്ഷ നേതാവാണ് മെലോനി.
ഇന്നലെ റോമിലെ പ്രസിഡന്‍ഷ്യല്‍ പാലസില്‍ പ്രസിഡന്റ് സെര്‍ജിയോ മാറ്ററെല്ലയുടെ സാന്നിദ്ധ്യത്തിലായിരുന്നു സത്യപ്രതിജ്ഞാചടങ്ങുകള്‍. ആറു വനിതകള്‍ ഉള്‍പ്പെടെ മന്ത്രിസഭയിലെ 24 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. അഞ്ച് മന്ത്രിമാര്‍ ഒരു പാര്‍ട്ടിയിലും ഉള്‍പ്പെടാത്ത സാങ്കേതിക വിദഗ്ദ്ധരാണ്. മെലോനിയുടെ നേതൃത്വത്തിലെ ആദ്യ കാബിനറ്റ് യോഗം ഇന്ന് നടക്കും.
കഴിഞ്ഞ മാസം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ നവ ഫാസിസ്റ്റ് വേരുകളുള്ള ബ്രദേഴ്സ് ഒഫ് ഇറ്റലി പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള വലതുപക്ഷ സഖ്യം വന്‍ വിജയം നേടിയിരുന്നു. മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്കോണിയുടെ ‘ ഫോര്‍സ ഇറ്റാലിയ”, മുന്‍ ഉപപ്രധാനമന്ത്രി മാറ്റിയോ സാല്‍വിനിയുടെ ‘ലീഗ് ” എന്നിവയടക്കം നാല് പാര്‍ട്ടികളാണ് വലതുപക്ഷ സഖ്യത്തിലുള്ളത്. സഖ്യത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് വിഹിതം ലഭിച്ചത് ബ്രദേഴ്സ് ഒഫ് ഇറ്റലിക്കാണ്. മുന്‍ മന്ത്രിസഭയിലെ ഏറ്റവും വലിയ കക്ഷിയായിരുന്ന ഫൈവ് സ്റ്റാര്‍ മൂവ്മെന്റ് സര്‍ക്കാരിനുള്ള തങ്ങളുടെ പിന്തുണ പിന്‍വലിച്ചതോടെയാണ് പ്രധാനമന്ത്രി മാരിയോ ഡ്രാഗി ജൂലായില്‍ രാജിവച്ചതും പൊതുതിരഞ്ഞെടുപ്പ് നടത്തിയതും. മുന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരാധികയും മുന്‍ യുവജന മന്ത്രിയുമായ മെലോനിക്ക് കുടിയേറ്റം, ഗര്‍ഭച്ഛിദ്രം, ദയാവധം, എല്‍.ജി.ബി.ടി അവകാശങ്ങള്‍ എന്നിവയോട് കടുത്ത എതിര്‍പ്പാണുള്ളത്.