ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനം എഫ്- 35 നാളെ മടങ്ങും

തിരുവനന്തപുരം : സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനം എഫ്- 35 നാളെ മടങ്ങും. അറ്റകുറ്റപ്പണി പൂർത്തിയാക്കിയ യുദ്ധവിമാനത്തെ ഇന്ന് ഹാങ്ങറിൽ നിന്ന് പുറത്തിറക്കും.
ഹൈഡ്രോളിക് സംവിധാനത്തിലെ തകരാറും പവർ യൂണിറ്റിലെ പ്രശ്നങ്ങളും ബ്രിട്ടനിൽ നിന്ന് എത്തിയ വിദഗ്ധസംഘം പരിഹരിച്ചു. യുദ്ധവിമാനം മടങ്ങിയാൽ ഉടൻ 14 അംഗ വിദഗ്ധസംഘവും തിരുവനന്തപുരത്തുനിന്ന് തിരികെ പോകും. കഴിഞ്ഞ ജൂൺ 14നാണ് F-35 അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയത്.
അന്നുമുതലുള്ള പാർക്കിംഗ് ഫീസ്, വിമാനത്താവള നടത്തിപ്പുകാരായ അദാനിക്ക് കൈമാറണം. അറ്റകുറ്റപണിക്കായി ഹാങ്ങറിലേക്ക് മാറ്റിയതിന്റെ വാടക എയർ ഇന്ത്യയ്ക്ക് നൽകണം. കേന്ദ്രസർക്കാർ ഇടപെടൽ ഉണ്ടായാൽ വാടക കുറയ്ക്കും.
അറബിക്കടലിലെ സൈനികാഭ്യാസത്തിനിടെ, ഇന്ധനക്കുറവുണ്ടായതിനെത്തുടർന്നാണ് യുദ്ധവിമാനം തിരുവനന്തപുരത്തിറക്കിയത്. പിന്നീട് തകരാറുകൾ കണ്ടതോടെ മടക്കം പ്രതിസന്ധിയിലായി. പിന്നാലെയാണ് ബ്രിട്ടണിൽ നിന്ന് വിദഗ്ധസംഘം എത്തിയത്. പൂര്‍ണമായും രഹസ്യാത്മക സ്വഭാവത്തിലാണ് വിമാനത്തിന്റെ അറ്റകുറ്റപ്പണി. 110 മില്യണ്‍ ഡോളറിലധികം വിലവരുന്ന ഈ ജെറ്റ് ലോകത്തിലെ ഏറ്റവും നൂതനമായ യുദ്ധവിമാനങ്ങളില്‍ ഒന്നാണ്.