യൂറോപ്യൻ യൂണിയൻ വാർത്തകൾ

വാട്‌സ്ആപ്പ് ചാറ്റ് ചതിച്ചു; ബ്രിട്ടീഷ് മന്ത്രി പുറത്ത്‌

ലണ്ടന്‍ : വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വംശീയ പരാമര്‍ശങ്ങള്‍ നടത്തിയ ബ്രിട്ടീഷ് ആരോഗ്യ സഹമന്ത്രിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കി. അതിരുവിട്ട അഭിപ്രായം പറഞ്ഞ മന്ത്രി ആന്‍ഡ്രൂ ഗ്വിന്നിനെ ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ ആണ് പുറത്താക്കിയത്.

വിവിധ സന്ദേശങ്ങളിലായി വംശീയ, ജൂതവിരുദ്ധ, സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതിനെതിരെയാണ് നടപടി. മന്ത്രിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ പരാമര്‍ശങ്ങള്‍ വാര്‍ത്തയായതിന് പിന്നാലെ ഗ്വിന്‍ ക്ഷമാപണം നടത്തിയിരുന്നു.

സ്വന്തം മണ്ഡലത്തിലെ 72 വയസ്സുള്ള വനിത പരാതിയുമായി സമീപിച്ചപ്പോള്‍ അവരെ അപമാനിക്കുന്ന തരത്തിലുള്ളതായിരുന്നു മന്ത്രിയുടെ പരാമര്‍ശം. അടുത്ത തെരഞ്ഞെടുപ്പിനു മുന്‍പ് അവര്‍ തട്ടിപ്പോയാല്‍ മതിയായിരുന്നെന്ന് ലേബര്‍ കൗണ്‍സിലര്‍മാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് മന്ത്രി കമന്റിട്ടത്.

ജൂതവംശജനായ വിദഗ്ധനെ ലേബര്‍ യോഗത്തിലേക്കു വിളിക്കണോ എന്നു ഗ്രൂപ്പില്‍ ചര്‍ച്ച നടന്നപ്പോള്‍ ക്ഷണിക്കേണ്ടെന്നും അദ്ദേഹം ഇസ്രയേല്‍ ചാര ഏജന്‍സിയായ മൊസാദിലെ അംഗമാണോയെന്നു സംശയമുണ്ടെന്നും വരെ ഗ്വിന്‍ പറഞ്ഞു. ലേബര്‍ പാര്‍ട്ടിയുടെ മുന്‍ നേതാവായ ജെറിമി കോര്‍ബിന്റെ വിശ്വസ്തനാണ് ഗ്വിന്‍.

പൊതു ചുമതലകള്‍ അന്തസ്സ് പാലിക്കണമെന്ന കാര്യത്തില്‍ പ്രധാനമന്ത്രി നിര്‍ബന്ധ ബുദ്ധിയുള്ള വ്യക്തിയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വന്ന കമന്റുമായി ബന്ധപ്പെട്ട് പാര്‍ട്ടി തലത്തിലും അന്വേഷണം നടക്കുമെന്ന് ലേബര്‍ പാര്‍ട്ടിയും അറിയിച്ചു. അതേസമയം തന്റെ തെറ്റായി വ്യാഖ്യാനിക്കപ്പെട്ട അഭിപ്രായങ്ങള്‍ കാരണം ആരെങ്കിലും വേദനിച്ചിട്ടുണ്ടെങ്കില്‍ അവരോട് മാപ്പ് പറയുന്നു എന്ന് ഗ്വയ്ന്‍ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button