സ്പോർട്സ്

വിനീഷ്യസിന് ഡബിൾ , പരാഗ്വേയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് ബ്രസീലും ഫോമിലേക്ക്

ലാസ് വെഗാസ്: കോപ്പ അമേരിക്കയിൽ ബ്രസീലിന്റെ പെരുങ്കളിയാട്ടം. ക്വാർട്ടർ പ്രവേശത്തിന് വിജയം അനിവാര്യമായിരുന്ന പോരാട്ടത്തിൽ പരാഗ്വേയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് കാനറിപ്പടയുടെ തകർപ്പൻ ജയം. കോസ്റ്ററീക്കക്കെതിരായ ആദ്യ മത്സരത്തിന് ശേഷം ക്ലബ്ബ് ഉണ്ണിയെന്ന് ഏറെ പഴി കേട്ട സൂപ്പർ താരം വിനീഷ്യസ് ജൂനിയർ രണ്ട് ഗോളുമായി കളം നിറഞ്ഞത് കാനറിപ്പടക്ക് ഇരട്ടി മധുരമായി. സാവിന്യോയും ലൂക്കാസ് പക്വേറ്റയുമാണ് ബ്രസീലിന്റെ മറ്റ് സ്‌കോറർമാർ.

ലാസ് വെഗാസിൽ ബ്രസീലിന്റെ മുന്നേറ്റങ്ങൾ കണ്ടാണ് കളിയാരംഭിച്ചത്. 31 ാം മിനിറ്റില്‍ മുന്നിലെത്താനുള്ള സുവര്‍ണാവസരം ബ്രസീല്‍ തുലച്ചു. കാനറിപ്പടക്ക് അനുകൂലമായി ലഭിച്ച പെനാല്‍ട്ടി ലൂക്കാസ് പക്വേറ്റ പാഴാക്കി. എന്നാല്‍ ബ്രസീല്‍ ആരാധകരുടെ നിരാശ അധിക നേരം നീണ്ടുനിന്നില്ല. നാല് മിനിറ്റിനകം വിനീഷ്യസ് വലകുലുക്കി. 35ാം മിനിറ്റിൽ ഇടതുവിങ്ങിൽ നിന്ന് വിനീഷ്യസ് ആരംഭിച്ച് മുന്നേറ്റം. ഒടുവിൽ വിനീഷ്യസിന്റെ തന്നെ ക്ലിനിക്കൽ ഫിനിഷ്. കാനറിപ്പടയുടെ അടുത്ത ഗോളിലേക്ക് വെറും പത്ത് മിനിറ്റിന്റെ ദൂരം പോലുമുണ്ടായില്ല. ഇക്കുറി വെടിപൊട്ടിച്ചത് സാവീന്യോയാണ്. ഇടതുവിങ്ങിലൂടെ പന്തുമായി കുതിച്ച റോഡ്രിഗോ ഗോൾ പോസ്റ്റിനെ ലക്ഷ്യമാക്കി ഷോട്ടുതിർക്കുന്നു. പരാഗ്വെൻ ഗോൾകീപ്പർ തട്ടിയകറ്റിയ പന്ത് നേരെ ചെന്നെത്തിയത് പോസ്റ്റിൽ ആരും മാർക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന സാവിയോയുടെ കാലിലേക്ക്. സാവിയോ അനായാസം വലകുലുക്കി.

ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ വിനീഷ്യസ് മാജിക് വീണ്ടും അവതരിച്ചു. ഇക്കുറി റോഡ്രിഗോയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ. രണ്ടാം പകുതിയില്‍ പരാഗ്വന്‍ മുന്നേറ്റങ്ങള്‍ കണ്ടാണ് കളിയാരംഭിച്ചത്. രണ്ടാം പകുതിയാരംഭിച്ച് മൂന്ന് മിനിറ്റ് പിന്നിടും മുമ്പേ പരാഗ്വെ ഒരു ഗോൾ മടക്കി. ഒമർ അൽഡറേറ്റയാണ് പരാഗ്വെക്കായി വലകുലുക്കിയത്. ഒടുവിൽ 65ാം മിനിറ്റിൽ ലഭിച്ച പെനാൽട്ടി വലയിലാക്കി ലൂക്കാസ് പക്വേറ്റ പരാഗ്വയുടെ പെട്ടിയിലെ അവസാന ആണിയടിച്ചു. ആദ്യ പകുതിയില്‍ പാഴാക്കിയ പെനാല്‍ട്ടിയുടെ നിരാശ ഇതോടെ ബ്രസീലിയന്‍ മിഡ്ഫീല്‍ഡ് എഞ്ചിന്‍ കഴുകിക്കളഞ്ഞു. കണക്കുകളിൽ ഇരുടീമുകളും ബലാബലമായിരുന്നു. ബ്രസീൽ 55 ശതമാനം നേരം പന്ത് കൈവശം വച്ചപ്പോൾ പരാഗ്വെ 45 ശതമാനം നേരം പന്ത് കൈവശം വച്ചു. 17 ഷോട്ടുകളാണ് ബ്രസീൽ കളിയിലുടനീളം ഉതിർത്തത്. അതിൽ ആറും ഓൺ ടാർജറ്റിലായിരുന്നു. പരാഗ്വ 15 ഷോട്ടുതിർത്തപ്പോൾ 6 എണ്ണം ഗോൾവലയെ ലക്ഷ്യമാക്കിയെത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button