ആരോഗ്യംദേശീയം

ഇനി കുത്തിവെപ്പിനെ പേടിക്കേണ്ട; സൂചിയില്ലാ സിറിഞ്ചുകൾ വികസിപ്പിച്ച് ബോംബെ ഐഐടി

മുംബൈ : ഇനി സൂചിയെ പേടിച്ച് കുത്തിവെപ്പ് ഒഴിവാക്കേണ്ട. സൂചിയില്ലാ സിറിഞ്ചുകൾ വികസിപ്പിച്ച് ബോംബെ ഐഐടി. ഷോക്ക് സിറിഞ്ച് എന്ന് അറിയപ്പെടുന്ന ഇവ തൊലിക്ക് നാശമുണ്ടാക്കുകയോ അണുബാധയുണ്ടാക്കുകയോ ചെയ്യില്ല. എയറോസ്‌പേസ് എൻജിനിയറിങ് അടിസ്ഥാനപ്പെടുത്തിയാണ് ഇവ വികസിപ്പിച്ചിരിക്കുന്നത്.

ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഊർജ സമ്മർദതരംഗങ്ങളിലൂടെയാണ് (ഷോക്ക് വേവ്‌സ്) സിറിഞ്ചിലുള്ള മരുന്ന് ശരീരത്തിൽ പ്രവേശിക്കുന്നത്. ചെറിയൊരു മുറിവുണ്ടാക്കുന്നുണ്ട്. എന്നാൽ അത് തലമുടിയുടെ വീതിയോളം മാത്രമാണ്. ഒരു വിമാനം വേഗത്തിൽ പറക്കുമ്പോൾ അത് വായുവിനെ ശക്തമായി തള്ളിമാറ്റുന്നു. അതേപോലെയുള്ള തരംഗം ഇവിടെ സൃഷ്ടിക്കപ്പെടുമ്പോൾ സിറിഞ്ചിലുള്ള മരുന്നിനെ ശരീരത്തിലേക്ക് ശക്തമായി തള്ളുകയാണ് ചെയ്യുന്നത്.

സാധാരണ ബോൾ പോയിന്റ് പേനയേക്കാൾ അല്പംകൂടി നീളംകൂടിയതാണ് പുതിയ സിറിഞ്ച്. സിറിഞ്ചിന്റെ ഒരുഭാഗത്ത് സമ്മർദമേറിയ നൈട്രജൻ വാതകമാണ് ഉപയോഗിക്കുന്നത്. സമ്മർദത്തിലൂടെ മരുന്ന് ശരീരത്തിലേക്ക് കയറുമ്പോൾ കുത്തിവെച്ചതായി രോഗി അറിയില്ല. ഇത് സൂചിയുള്ള സിറിഞ്ചിനേക്കാൾ ഫലപ്രദമാണെന്ന് പരീക്ഷണത്തിൽ കണ്ടെത്തിയതായി ​ഗവേഷകർ പറയുന്നു.

ശരീരത്തിൽ പ്രവേശിക്കുന്ന മരുന്നിന്റെ അളവ്, അവ ശരീരത്തിൽ പ്രവർത്തിക്കുന്ന രീതി എന്നിവ എലികളിൽ പരീക്ഷിച്ചു. സാധാരണ സിറിഞ്ച് ഉപയോഗിക്കുന്ന അതേ അവസ്ഥയാണ് ഷോക്ക് സിറിഞ്ചുണ്ടാക്കിയതെന്ന് ​ഗവേഷകർ പറയുന്നു. പ്രമേഹമുള്ള എലികൾക്ക് ഷോക്ക് സിറിഞ്ച് വഴി ഇൻസുലിൻ നൽകിയപ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഫലപ്രദമായി കുറയ്ക്കുകയും താഴ്ന്നനിലയിൽ കൂടുതൽ നേരം നിലനിർത്തുകയും ചെയ്തു.

ഇത് കുട്ടികൾക്കും മുതിർന്നവർക്കും പ്രതിരോധ കുത്തിവെപ്പ് വേഗത്തിലും കാര്യക്ഷമമായും എടുക്കാനും കഴിയും. എന്നാല്‍ മനുഷ്യരില്‍ പരീക്ഷിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button