ദേശീയം

ഹൈദരാബാദ് വിമാനത്താവളത്തിൽ ലണ്ടൻ, ഫ്രാങ്ക്ഫർട്ട് ഉൾപ്പെടെ മൂന്ന് വിമാനങ്ങൾക്ക് ബോംബ് ഭീഷണി

ഹൈദരാബാദ് : രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശത്തുനിന്നുള്ള രണ്ടെണ്ണം ഉൾപ്പെടെ മൂന്ന് വിമാനങ്ങളെ ലക്ഷ്യമിട്ട് ബോംബ് ഭീഷണി. ഇ-മെയിലുകൾ സന്ദേശം ലഭിച്ചതിനെ തുടർന്ന് ഞായറാഴ്ച രാത്രി അധികൃതർ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു. ലണ്ടൻ ഹീത്രോയിൽ നിന്നുള്ള ബ്രിട്ടീഷ് എയർവേയ്‌സ് വിമാനം ബിഎ 277, ഫ്രാങ്ക്ഫർട്ടിൽ നിന്നുള്ള ലുഫ്താൻസ വിമാനം എൽഎച്ച് 752, കണ്ണൂരിൽ നിന്നുള്ള ഇൻഡിഗോ വിമാനം 6ഇ 7178 എന്നീ വിമാനങ്ങളെ ലക്ഷ്യമിട്ടാണ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചതെന്ന് പി.ടി.ഐ. വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഭീഷണി സന്ദേശം ലഭിച്ചെങ്കിലും എല്ലാ വിമാനങ്ങളും തടസ്സങ്ങളില്ലാതെ യാത്രാ പൂർത്തിയാക്കി സുരക്ഷിതമായി ലാൻഡ് ചെയ്തു. അന്താരാഷ്ട്ര വിമാനങ്ങൾ തിങ്കളാഴ്ച പുലർച്ചെയും ആഭ്യന്തര വിമാന സമയക്രമമനുസരിച്ചും ഇറങ്ങി.
സുരക്ഷാ നടപടികളും പരിശോധനകളും

മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് വിമാനത്താവള അധികൃതർ അടിയന്തര പ്രതികരണ നടപടിക്രമങ്ങൾ നടത്തിയിരുന്നു. വിമാനങ്ങളെ ഐസൊലേറ്റഡ് ബേകളിലേക്ക് മാറ്റുക, യാത്രക്കാരെയും ലഗേജുകളും വിശദമായ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കുക, ഫയർ ആൻഡ് റെസ്ക്യൂ യൂണിറ്റുകളെ വിന്യസിക്കുക, വിമാനവും പരിസരവും പരിശോധിക്കാൻ ഡോഗ് സ്ക്വാഡുകളെ നിയോഗിക്കുക തുടങ്ങിയ പരിശോധനകളെല്ലാം പൂര്‍ത്തിയാക്കിയിരുന്നു. പ്രോട്ടോക്കോൾ അനുസരിച്ച് ഓരോ വിമാനത്തിലും നിർബന്ധിത സുരക്ഷാ ഡ്രിൽ പൂർത്തിയാക്കിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.

അതേസമയം, വിമാനങ്ങളിൽ നടത്തിയ വിശദമായ പരിശോധനകൾക്ക് ശേഷവും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ബോംബ് ഭീഷണിയും വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. ഒരു മാസത്തിനിടെ ഹൈദരാബാദ് വിമാനത്താവളത്തിൽ ഉണ്ടാകുന്ന മൂന്നാമത്തെ സംഭവമാണിത്. നേരത്തെ എമിറേറ്റ്സിൻ്റെ ദുബായ്-ഹൈദരാബാദ് സർവീസിനും, മദീന, ഷാർജ എന്നിവിടങ്ങളിൽ നിന്ന് ഹൈദരാബാദിലേക്കുള്ള ഇൻഡിഗോ വിമാനങ്ങൾക്കും ബോംബ് ഭീഷണി ഇ-മെയിലുകൾ ലഭിച്ചിരുന്നു. ഷാർജയിൽ നിന്ന് പുറപ്പെട്ട വിമാനം മുംബൈയിലേക്ക് വഴിതിരിച്ചുവിടുകയും, മദീന-ഹൈദരാബാദ് ഇൻഡിഗോ വിമാനം അഹമ്മദാബാദിൽ അടിയന്തര ലാൻഡിംഗ് നടത്തുകയും ചെയ്തിരുന്നു. ഏറ്റവും പുതിയ ഭീഷണി സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button