തെഹ്റാനിൽ അൽ ഖുദ്‌സ് റാലിക്കിടെ ബോംബ് സ്ഫോടനം

തെഹ്‌റാൻ : ഇസ്രയേൽ ആക്രമണത്തിനെതിരെ ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ നടന്ന വൻ പ്രതിഷേധ റാലിക്കിടെ ഉഗ്രസ്ഫോടനം. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്ത റാലിക്കിടെയാണ് സ്ഫോടനമുണ്ടായത്.
സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റമദാനിലെ അവസാന വെള്ളിയാഴ്ചയായ അൽ ഖുദ്‌സ് ദിനത്തോടനുബന്ധിച്ച് നടന്ന റാലിക്കിടെയാണ് ആക്രമണം. ഇസ്രയേലിനും അമേരിക്കയ്ക്കുമെതിരെ മുദ്രാവാക്യം വിളികളുമായി ആയിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്.
സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനി പ്രസംഗിക്കുന്നതിനിടെയാണ് സ്ഫോടന ശബ്ദം കേട്ടത്. ശത്രുവിന്റെ ഭീരുത്വമാണ് ഇത്തരം ആക്രമണങ്ങളിലൂടെ പുറത്തുവരുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറാനിലെ 200-ഓളം സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ വ്യോമാക്രമണം നടത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് റാലിക്കിടെയും സ്ഫോടനമുണ്ടായത്. യുദ്ധം രൂക്ഷമായതോടെ ഇറാന്റെ ആഭ്യന്തര സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്. ബാങ്കുകളിൽ നിന്ന് നിക്ഷേപം പിൻവലിക്കാനായി ജനങ്ങൾ തിരക്ക് കൂട്ടുന്നതായും ഭക്ഷണ സാധനങ്ങൾക്ക് റേഷനിംഗ് ഏർപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.
യുദ്ധം തുടങ്ങിയ ശേഷം 32 ലക്ഷം പേർ ഇറാനിൽ ഭവനരഹിതരായതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. അതേസമയം, രാജ്യത്തിനകത്ത് പ്രതിഷേധങ്ങൾ ഉണ്ടായാൽ കർശനമായി നേരിടുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് മുന്നറിയിപ്പ് നൽകി. ഇസ്രയേൽ ആക്രമണത്തോടൊപ്പം ആഭ്യന്തര കലാപങ്ങൾക്കും സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ഭരണകൂടം.



