ജര്‍മന്‍ സ്റ്റാര്‍ട്ടപ്പായ ഇസാര്‍ എയ്റോസ്പേസ് വിക്ഷേപിച്ച റോക്കറ്റ് 40 സെക്കന്‍ഡിനുള്ളില്‍ തകര്‍ന്നുവീണു

ബര്‍ലിന്‍ : ജര്‍മന്‍ സ്റ്റാര്‍ട്ടപ്പായ ഇസാര്‍ എയ്റോസ്പേസ് വിക്ഷേപിച്ച റോക്കറ്റ് 40 സെക്കന്‍ഡിനുള്ളില്‍ തകര്‍ന്നുവീണു. നോര്‍വേയിലെ ആര്‍ട്ടിക് ആന്‍ഡോയ സ്പേസ് പോര്‍ട്ടില്‍നിന്നു കുതിച്ചുയര്‍ന്ന സ്‌പെക്ട്രം റോക്കറ്റാണ് സെക്കന്‍ഡുക്കള്‍ക്കുള്ളില്‍ തകര്‍ന്നുവീണത്.
സ്‌പെക്ട്രം റോക്കറ്റിന്റെ വിക്ഷേപണം പരാജയപ്പെടാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഇതുസംബന്ധിച്ച് ആദ്യഘട്ടത്തില്‍തന്നെ കമ്പനി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, പരീക്ഷണാടിസ്ഥാനത്തിലുള്ള വിക്ഷേപണം പരാജയപ്പെട്ടാലും അതില്‍നിന്ന് വിവരശേഖരണം നടത്താന്‍ സാധിക്കുമെന്നതിനാലാണ് വിക്ഷേപണവുമായി മുന്നോട്ടുപോകാന്‍ ഇസാര്‍ എയ്‌റോസ്‌പേസിനെ പ്രേരിപ്പിച്ചത്.
ഒരു മെട്രിക് ടണ്‍ വരെ ഭാരംവരുന്ന ഉപഗ്രഹങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ് സ്പെക്ട്രം റോക്കറ്റ്. . റോക്കറ്റ് ഒരു പേലോഡും വഹിച്ചിരുന്നില്ല. യൂറോപ്പില്‍നിന്ന് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെ പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മിച്ചതാണ് ഈ റോക്കറ്റ് എന്ന് ഇസാര്‍ എയ്റോസ്പേസ് വിശദീകരിച്ചു.