ഹമാസ് കൈമാറിയ മൃതദേഹം കുട്ടികളുടെ മാതാവിന്റേതല്ലെന്ന് ഇസ്രയേല്‍, ബന്ദികളാക്കപ്പെട്ട സ്ത്രീകളുടേതുമല്ല; പുതിയ തര്‍ക്കം

ജറുസലേം : ഹമാസ് തടവിലാക്കിയ ഇസ്രയേല്‍ ബന്ദികളുടേതെന്ന പേരില്‍ കൈമാറിയ മൃതദേഹങ്ങള്‍ സംബന്ധിച്ച് അവ്യക്തത. കൈമാറിയ മൃതദേഹങ്ങളിലെ യുവതിയുടേത് ഹമാസ് അവകാശവാദങ്ങളില്‍ പറയുന്ന ഷിരി ബിബാസിന്റേതല്ലെന്നാണ് ഇസ്രയേല്‍ നിലപാട്. ബന്ദിയാക്കപ്പെടുമ്പോള്‍ ഒന്‍പത് മാസം മാത്രം പ്രായമുണ്ടായിരുന്ന കെഫിര്‍ ബിബാസ് സഹോദരന്‍ ഏരിയല്‍ മാതാവ് ഷിരി ബിബാസ് മറ്റൊരു എണ്‍പതുകാരന്‍ തുടങ്ങിയ ഇസ്രയേലി പൗരന്‍മാര്‍ എന്നവകാശപ്പെട്ടായിരുന്നു മൃതദേഹങ്ങള്‍ വ്യാഴാഴ്ച ഹമാസ് കൈമാറിയത്. എന്നാല്‍ മൃതദേഹം ഷിരി ബിബാസിന്റെതല്ലെന്ന ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ വാദം പുതിയ തര്‍ക്കങ്ങള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.
ഹമാസ് അയച്ച മൃതദേഹങ്ങളിലെ യുവതിയുടേത് ഷിരി ബിബാസിന്റേതല്ലെന്ന് തിരിച്ചറിയല്‍ പരിശോധനയില്‍ വ്യക്തമായി. ഹമാസ് ബന്ദിയാക്കിയ മറ്റ് സ്ത്രീകളുടേതുമല്ല. മൃതദേഹം ആരുടേതെന്ന തിരിച്ചറിയാനായിട്ടില്ലെന്നും ഐഡിഎഫ് പറയുന്നു. ഹമാസിന്റെ നടപടി കടുത്ത നിയമ ലംഘനമായാണ് കാണുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ അനുസരിച്ച് ബന്ദികളുടെ മോചനത്തിന് അവര്‍ ബാധ്യസ്ഥരാണ്. ബാക്കിയുള്ള ഇസ്രയേല്‍ പൗരന്‍മാര്‍ക്കൊപ്പം ഷിരി ബിബാസിനെയും മോചിപ്പിക്കാന്‍ ഹമാസ് തയ്യാറാകണം, എന്നും ഇസ്രയേല്‍ ആവശ്യപ്പെട്ടു.
ഹമാസ് ബന്ദികളാക്കിയ കുട്ടികളെ ക്രൂരമായാണ് കൊലപ്പെടുത്തിയിരിക്കുന്നത് എന്നും ഐഡിഎഫ് പറയുന്നു. ഫോറന്‍സിക്, ഇന്റലിജന്‍സ് തെളിവുകള്‍ ക്രൂരത വെളിപ്പെടുത്തുന്നതാണ് എന്നും ഇസ്രയേല്‍ അവകാശപ്പെടുന്നു. കുട്ടികളുള്‍പ്പെടെയുള്ള ബന്ദികള്‍ കൊല്ലപ്പെട്ടത് ഇസ്രയേല്‍ ബോംബിങ്ങിലാണെന്ന ഹമാസ് വാദം കൂടിയാണ് ഇസ്രയേല്‍ പുതിയ പ്രതികരണത്തിലൂടെ തള്ളുന്നത്.
2023 ഒക്ടോബര്‍ 7 ന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെയായിരുന്നു അന്ന് 9 മാസം മാത്രം പ്രായം ഉണ്ടായിരുന്ന കഫിര്‍, ഷിരി, ഏരിയല്‍ ഉള്‍പ്പെടെയുള്ളവരെ ബന്ദികളാക്കിയത്. കുട്ടികളുടെ പിതാവ് യാദേന്‍ ബിബാസും ഹമാസ് കസ്റ്റഡിയില്‍ ആയിരുന്നെങ്കിലും ഇയാളെ ഫെബ്രുവരി ഒന്നിന് മോചിപ്പിച്ചിരുന്നു. അതേസമയം, ഹമാസ് കൈമാറിയ പുരുഷന്റെ മൃതദേഹം മുതിര്‍ന്ന സമാധാന പ്രവര്‍ത്തകനായ ഒഡെഡ് ലിഫ്ഷിറ്റ്‌സിന്റേതാണെന്ന് ഇസ്രായേല്‍ സ്ഥിരീകരിച്ചു.