ദേശീയം

എസ്‌ഐആർ ജോലി സമ്മർദം; രാജസ്ഥാനിലും ബി‌എൽ‌ഒ ആത്മഹത്യാ

ജയ്പൂർ : രാജസ്ഥാനിൽ ബി‌എൽ‌ഒ ആയി ജോലി ചെയ്യുന്ന അധ്യാപകൻ ആത്മഹത്യ ചെയ്തു. ജയ്‌പൂരിലെ ഗവൺമെന്റ് പ്രൈമറി സ്കൂൾ അധ്യാപകനായ മുകേഷ് ജാൻ​ഗിഡ് ആണ് കടുത്ത ജോലി സമ്മർദമുണ്ടെന്ന്‌ ആത്മഹത്യാക്കുറിപ്പെഴുതി വച്ച്‌ ട്രെയിനിന് മുന്നിൽ ചാടി മരിച്ചത്.

എസ്‌ഐആർ ജോലികൾ കാരണം താൻ സമ്മർദ്ദത്തിലാണെന്നും സൂപ്പർവൈസർ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും സസ്‌പെൻഷൻ ഭീഷണി ഉണ്ടെന്നും ആത്മഹത്യ കുറിപ്പിൽ പറയുന്നു. എസ്‌ഐആറുമായി ബന്ധപ്പെട്ട്‌ മുകേഷ് ജാൻ​ഗിഡ് കടുത്ത സമ്മർദത്തിലായിരുന്നുവെന്ന് കുടുംബവും ആരോപിച്ചു.

എസ്‌ഐആറിന്റെ സമ്മർദത്തെ തുടർന്ന്‌ കണ്ണൂർ ഏറ്റുകുടുക്കയിൽ ബിഎൽഒയായ അനീഷ്‌ ജോർജ്‌ ആത്‌മഹത്യ ചെയ്‌തതിന്‌ പിന്നാലെയാണ്‌ രാജസ്ഥാനിലെയും ആത്മഹത്യാ വാർത്ത പുറത്തുവരുന്നത്‌. ഇതോടെ വോട്ടർപ്പട്ടിക ത‍ീവ്ര പുനഃപരിശോധനയുടെ പേരിൽ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമീഷൻ സമ്മർദത്തിലാക്കുകയാണെന്ന ആരോപണം ശക്തമായിരിക്കുകയാണ്.

ഇന്നലെ എസ്ഐആര്‍ ജോലി സമ്മർദത്തെ തുടർന്നാണ് കണ്ണൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസറായ അനീഷ് ജോര്‍ജ് ജീവനൊടുക്കിയത്. വീട്ടുകാർ പള്ളിയിൽ പോയ സമയത്താണ് അനീഷ് ജീവനൊടുക്കിയത്. എസ്‌ഐആറുമായി ബന്ധപ്പെട്ട ജോലി സമ്മർദമാണ് മരണത്തിന് കാരണമെന്നാണ് കുടുംബം പറയുന്നത്. ജോലി സമ്മർദം ഉള്ളകാര്യം അനീഷ് കുടുംബത്തോട് പറഞ്ഞിരുന്നു. എസ്‌ഐആർ ഫോം വിതരണവുമായി ബന്ധപ്പെട്ട് ചില രാഷ്ട്രീയ പാർട്ടി നേതാക്കളെ കൂടെ കൂട്ടിയതുമായി ബന്ധപ്പെട്ടും തർക്കങ്ങളുണ്ടായിരുന്നു. ഫോം പൂരിപ്പിക്കാൻ വൈകിയതുമായി ബന്ധപ്പെട്ടും അനീഷിന് സമ്മർദമുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button