ദേശീയം
അസമിൽ റെയിൽവേ ട്രാക്കിൽ സ്ഫോടനം

ദിസ്പൂർ : അസമിൽ റെയിൽവേ ട്രാക്കിൽ സ്ഫോടനം. കൊക്രജാർ, സലാകതി സ്റ്റേഷനുകൾക്ക് ഇടയിലെ റെയിൽവേ ട്രാക്കിലാണ് സ്ഫോടനം നടന്നത്. ഇന്ന് പുലർച്ചെ ഒരു മണിക്കാണ് സംഭവം. സ്ഫോടനത്തെ തുടർന്ന് മണിക്കൂറോളം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.
കൊക്രഝർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്ററിനപ്പുറമാണ് സ്ഫോടനം നടന്നത്. പൊട്ടിയത് ഐഇഡി എന്നാണ് സംശയം. ട്രാക്കിന്റെ ഒരു ഭാഗത്ത് സാരമായ കേടുപാടുകൾ സംഭവിച്ചു. സ്ഫോടനത്തെ തുടർന്ന് നിരവധി ട്രെയിനുകൾ പിടിച്ചിട്ടതിനാൽ നൂറുകണക്കിന് യാത്രക്കാർ കുടുങ്ങിക്കിടന്നു. അട്ടിമറി സംശയത്തിൽ റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു.