കറുത്തപുക : കോണ്‍ക്ലേവിന്റെ ആദ്യ ദിനത്തില്‍ പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കാനായില്ല

വത്തിക്കാന്‍ സിറ്റി : കത്തോലിക്ക സഭയുടെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന കോണ്‍ക്ലേവില്‍ ആദ്യ ദിനം തീരുമാനമായില്ല. കോണ്‍ക്ലേവിലെ ഒന്നാംഘട്ട വോട്ടെടുപ്പിന് ശേഷം സിസ്റ്റെയ്ന്‍ ചാപ്പലിനുള്ളില്‍ നിന്ന് കറുത്ത പുക ഉയര്‍ന്നു.
ഇറ്റാലിയന്‍ സമയം ഒന്‍പതു മണിയോടെയാണ് സിസ്റ്റീന്‍ ചാപ്പലിനു മുകളിലെ പുകക്കുഴലില്‍ നിന്ന് കറുത്ത പുക ഉയര്‍ന്നത്. മൂന്നു മണിക്കൂറിലേറെ നീണ്ടുനിന്ന വോട്ടെടുപ്പുപ്രക്രിയയില്‍ ആര്‍ക്കും മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാനായില്ലെന്നതാണ് പുക സൂചിപ്പിക്കുന്നത് എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫലംകാത്ത് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ രാത്രി വൈകിയും ജനങ്ങള്‍ കാത്തുനിന്നിരുന്നു.
ആദ്യ റൗണ്ട് വോട്ടെടുപ്പില്‍ പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കാനാവാതെ വന്നതോടെ വ്യാഴാഴ്ച വോട്ടെടുപ്പ് തുടരും. നിലവിലുള്ള കാനോന്‍ നിയമപ്രകാരം 80 വയസ്സില്‍ത്താഴെ പ്രായമുള്ള കര്‍ദിനാള്‍മാര്‍ക്കാണ് പാപ്പയെ തെരഞ്ഞെടുക്കാന്‍ വോട്ടവകാശമുള്ളത്. മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ പാപ്പ തിരഞ്ഞെടുക്കപ്പെടും വരെ ദിവസവും 4 തവണ വോട്ടെടുപ്പു നടക്കും.
5 ഭൂഖണ്ഡങ്ങളിലും 71 രാജ്യങ്ങളില്‍നിന്നുമായി വോട്ടവകാശമുള്ള 133 കര്‍ദിനാള്‍മാരാണു കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്. 89 വോട്ട് ലഭിക്കുന്നയാള്‍ കത്തോലിക്കാസഭയുടെ പുതിയ ഇടയനാകും. അന്തരിച്ച ഫ്രാന്‍സിസ് പാപ്പയെ രണ്ടാം ദിവസം അവസാനവട്ട വോട്ടെടുപ്പിലാണ് തെരഞ്ഞെടുത്തത്.