ഇന്ത്യന്‍ ഏജന്റുമാര്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു; ഗുരുതര ആരോപണവുമായി കാനഡ
ഒട്ടാവ : കാനഡയില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണവുമായി കാനഡ. തങ്ങളുടെ രാജ്യത്തെ ഗുരുതരമായ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ നേരിട്ട് പങ്കാളിയാണെന്നും കാനഡ ആരോപിക്കുന്നു. കാനഡയിലുള്ള ഇന്ത്യന്‍ ഏജന്റുമാര്‍ ഖലിസ്ഥാന്‍ അനുകൂല ഘടകങ്ങളെ ലക്ഷ്യമിട്ട് ലോറന്‍സ് ബിഷ്‌ണോയ് സംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നാണ് കാനഡയുടെ ആരോപണം.
ഡല്‍ഹിയിലെ കനേഡിയന്‍ ഹൈക്കമ്മീഷനിലെ ആറ് അംഗങ്ങളെ പുറത്താക്കിയതായി ഇന്ത്യ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് പുതിയ ആരോപണം. റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. കാനഡയിലെ സിഖ് സമുദായത്തെ ഇന്ത്യ ലക്ഷ്യമിടുന്നുണ്ടോ എന്ന ചോദ്യത്തിന് ദക്ഷിണേന്ത്യന്‍ സമൂഹത്തെയാണ് ലക്ഷ്യമിടുന്നതെന്നായിരുന്നു പ്രതികരണം. കാനഡയിലെ ഖലിസ്ഥാന്‍ അനുകൂല പ്രസ്ഥാനത്തിലെ അംഗങ്ങളെ ലക്ഷ്യമിടുന്നുവെന്നും വാര്‍ത്താ സമ്മേളനത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൊലപാതകവും മറ്റ് അക്രമസംഭവങ്ങളുമായി ഇന്ത്യന്‍ ഏജന്റുമാര്‍ക്കുള്ള ബന്ധങ്ങള്‍ വെളിപ്പെടുത്തുന്ന തെളിവുകളുണ്ടെന്ന് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. എന്നാല്‍ നിജ്ജാറിന്റെ കൊലപാതകത്തെക്കുറിച്ച് വിശദീകരിക്കാനല്ല വാര്‍ത്താസമ്മേളനമെന്നും കനേഡിയന്‍ പൊലീസ് പറയുന്നു.
കനേഡിയന്‍ മണ്ണില്‍ ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രേൂഡോ ആരോപിച്ചതിനെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാണ്. കഴിഞ്ഞ വര്‍ഷമാണ് ട്രൂഡോ ഇന്ത്യക്കെതിരെ ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഇന്ത്യ ഈ ആരോപണത്തെ ശക്തമായി എതിര്‍ക്കുകയും ചെയ്തു. കനേഡിയന്‍ മണ്ണില്‍ ഖലിസ്ഥാന്‍ അനുകൂല ഘടകങ്ങള്‍ക്ക് ഇടം നല്‍കുന്നതാണെന്ന് പ്രധാന പ്രശ്‌നമെന്നാണ് ഇന്ത്യയുടെ വാദം.