കണ്ണൂരിൽ പക്ഷിപ്പനി; രോഗബാധ കണ്ടെത്തിയത് കാക്കയില്‍

കണ്ണൂര്‍ : ആലപ്പുഴയ്ക്ക് പിന്നാലെ കണ്ണൂര്‍ ഇരട്ടിയിലും പക്ഷിപ്പനി (എച്ച് 5 എന്‍ 1) സ്ഥീരീകരിച്ചു. കാക്കയില്‍ ആണ് രോഗം സ്ഥീരീകരിച്ചത്. ഇരിട്ടി നഗരസഭയിലെ എടക്കാനത്ത് രോഗ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മേഖലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.
കണ്ണൂര്‍ റീജണല്‍ ഡയഗ്നോസ്റ്റിക് ലബോറട്ടറി ഡെപ്യൂട്ടി ഡയറക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കാക്കയില്‍ രോഗ ബാധ കണ്ടെത്തിയത്. വളര്‍ത്തുപക്ഷികളില്‍ നിലവില്‍ രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും വൈറസ് വ്യാപനം നിയന്ത്രിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടര്‍ക്കും കലക്ടര്‍ നിര്‍ദേശം നല്‍കി. രോഗ ബാധയുടെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ജനങ്ങളില്‍ പനി, ശ്വാസകോശ അണുബാധ എന്നിവ റിപ്പോര്‍ട്ട് ചെയ്യുന്നത് നിരീക്ഷിക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി. രോഗം സ്ഥിരീകരിച്ചത് കാക്കയിലായതിനാല്‍ പ്രഭവ കേന്ദ്രം നിര്‍ദേശിക്കപ്പെട്ടിട്ടില്ല. ചത്ത പക്ഷികളെ ആഴത്തില്‍ കുഴിയെടുത്ത് കാല്‍സ്യം കാര്‍ബണേറ്റ് ഇട്ട് നഗരസഭ പൊതുജനാരോഗ്യ വിഭാഗം സംസ്‌കരിക്കും.
ആലപ്പുഴ ജില്ലയിലെ മുഹമ്മ, കോടംതുരുത്ത് എന്നിവിടങ്ങളിലും കാക്കകളില്‍ പക്ഷിപ്പനി (എച്ച്5എന്‍1) സ്ഥിരീകരിച്ചിരുന്നു. ആലപ്പുഴ മുഹമ്മ പഞ്ചായത്ത് 13ാം വാര്‍ഡിലും കോടംതുരുത്ത് പഞ്ചായത്ത് 13ാം വാര്‍ഡിലുമായി പതിനാറോളം കാക്കകള്‍ ചത്തുവീണതു പക്ഷിപ്പനി മൂലമാണെന്നാണ് കണ്ടെത്തല്‍. ഭോപാലിലെ അതിസുരക്ഷാ പക്ഷിരോഗ നിര്‍ണയ ലാബില്‍ നടത്തിയ പരിശോധനയിലാണു രോഗബാധ സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയില്‍ ദേശാടനപ്പക്ഷികളിലും കോട്ടയം ജില്ലയില്‍ കോഴികളിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.



