കമലാ ഹാരിസിന്റെ പ്രചാരണത്തിന് 50 മില്യൺ ഡോളർ നൽകി ബിൽ ഗേറ്റ്സ്
ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും വൈസ് പ്രസിഡന്റുമായ കമലാ ഹാരിസിന്റെ പ്രചാരണത്തിനായി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് സ്വകാര്യമായി 50 മില്യൺ ഡോളർ നൽകിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കമലാ ഹാരിസിന്റെ പ്രചാരണത്തിനായി ഫണ്ട് ശേഖരിക്കുന്ന നോൺപ്രോഫിറ്റ് ഓർഗനൈസേഷനായ ഫ്യൂച്ചർ ഫോർവേഡ് യുഎസ്എ ആക്ഷൻ വഴിയാണ് പണം നൽകിയിട്ടുള്ളത്.
റിപബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് രണ്ടാം തവണയും പ്രസിഡന്റാകുന്നതിന്റെ ആഘാതങ്ങളെക്കുറിച്ച് കഴിഞ്ഞ ഒരു വർഷമായി ബിൽ ഗേറ്റ്സ് സ്വകാര്യ സംഭാഷണങ്ങളിൽ സംസാരിക്കാറുണ്ട്. ഗേറ്റ്സിന് കമാല ഹാരിസുമായി വ്യക്തിപരമായ ബന്ധമില്ലെങ്കിലും, ബൈഡൻ-ഹാരിസ് ഭരണകൂടത്തിന്റെ കാലാവസ്ഥാ വ്യതിയാന നയങ്ങളെ അദ്ദേഹം പിന്തുണച്ചിരുന്നു. ട്രംപിന് കീഴിൽ കുടുംബാസൂത്രണത്തിന്റെയും ആഗോള ആരോഗ്യ പരിപാടികളുടെയും ഭാവിയെക്കുറിച്ചുള്ള ഗുരുതരമായ ആശങ്കയും ഗേറ്റ്സ് പങ്കുവെക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് കമലാ ഹാരിസിന്റെ പ്രചാരണത്തിനായി സംഭാവന നൽകിയത്.
ആരോഗ്യ പരിരക്ഷ മെച്ചപ്പെടുത്താനും ദാരിദ്ര്യം കുറക്കാനും അമേരിക്കയിലും ലോകമെമ്പാടുമുള്ള കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാനും വ്യക്തമായ പ്രതിബദ്ധത പ്രകടിപ്പിക്കുന്ന സ്ഥാനാർഥിയെ താൻ പിന്തുണക്കുമെന്ന് ബിൽ ഗേറ്റ്സ് ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് തികച്ചും വ്യത്യസ്തമാണ്. അമേരിക്കക്കാർക്കും ലോകമെമ്പാടുമുള്ള ഏറ്റവും ദുർബലരുമായ ആളുകൾക്കും അഭൂതപൂർവമായ പ്രാധാന്യമുണ്ടെന്നും ഗേറ്റ്സ് കൂട്ടിച്ചേർത്തു. അതേസമയം, സംഭാവന നൽകിയത് അദ്ദേഹം സ്ഥിരീകരിച്ചിട്ടില്ല. വലിയ രാഷ്ട്രീയ സംഭാവനകളുടെ ഭാഗമാകില്ലെന്ന് 2019ൽ ബിൽഗേറ്റ്സ് പറഞ്ഞിരുന്നു. അതിൽനിന്നുള്ള വ്യക്തമായ മാറ്റമാണ് പുതിയ സംഭാവനയിലൂടെ ബിൽ ഗേറ്റ്സ് നടത്തിയതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
162 ബില്യൺ ആസ്തിയുള്ള, ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നനായ വ്യക്തികളിലൊരാളായ ഗേറ്റ്സ് തന്റെ ആഗോള ജീവകാരുണ്യ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ ഭാഗമായി ഇരുപാർട്ടികളുമായും ഒരുപോലെയുള്ള സമീപനമാണ് സ്വീകരിച്ചുവരാറ്. എന്നാൽ, ഗേറ്റ്സിന്റെ മക്കളായ റോറിയും ഫോബി ഗേറ്റ്സും പിതാവിന്റെ രാഷ്ട്രീയ ഇടപെടലുകൾ മാറ്റുന്നതിൽ നിർണായ പങ്കുവഹിച്ചതായി ഇദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കമലാ ഹാരിസിന്റെ പ്രചാരണത്തിനായി ഫണ്ട് നൽകുന്നതിന് മുമ്പായി ന്യൂയോർക്ക് മേയർ മൈക്ക് ബ്ലൂംബെർഗുമായും ഗേറ്റ്സ് കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുണ്ട്. ഇദ്ദേഹവും സമാനരീതിയിൽ സംഭാവന നൽകിയിട്ടുണ്ടെന്നാണ് വിവരം.