ഓസ്ട്രിയന്‍ ഗ്രാന്‍ഡ് പ്രീയ്ക്കിടെ ബൈക്കിന് തീപിടിച്ചു; ഒഴിവായത് വന്‍ അപകടം

വിയന്ന : ഓസ്ട്രിയന്‍ ഗ്രാന്‍ഡ് പ്രീയ്ക്കിടെ റെഡ് ബുള്‍ റിങ്ങില്‍ വെച്ച് ബൈക്കിന് തീപിടിക്കുന്നതും ഉടന്‍ റൈഡര്‍ വാഹനം അരികിലേക്ക് ഒതുക്കി ജീവന്‍ സുരക്ഷിതമാക്കുന്നതുമായ ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. വിആര്‍ 46 റേസിംഗ് ടീം റൈഡര്‍ ഫാബിയോ ഡി ജിയാനന്റോണിയോ ഓടിച്ച ബൈക്കിനാണ് പെട്ടെന്ന് തീപിടിച്ചതും ഇതിനെ തുടര്‍ന്ന് വാഹനം ഉപേക്ഷിക്കേണ്ടി വന്നതും. സര്‍ക്യൂട്ടില്‍ ഓടിക്കൊണ്ടിരിക്കുമ്പോഴായിരുന്നു പിന്‍ഭാഗത്ത് എന്‍ജിനില്‍ നിന്ന് തീ ആളിപടര്‍ന്നത്. തൊട്ടടുത്ത നിമിഷം തന്നെ ഫാബിയോ വാഹനം നിര്‍ത്തുന്നതും അതില്‍ നിന്നിറങ്ങുന്നതും വീഡിയോയില്‍ കാണാം. തൊട്ടുപിന്നാലെ റേസ് മാര്‍ഷലുകള്‍ സ്ഥലത്തെത്തി തീ അണച്ചു. അപകടമുണ്ടായതോടെ അദ്ദേഹത്തിന് തുടര്‍ന്ന് മത്സരിക്കാനായില്ലെന്നാണ് വിവരം. അതേ സമയം റേസിങ് ബൈക്കിന് ഏത് വീധത്തില്‍ തീപടര്‍ന്നു എന്ന കാര്യത്തില്‍ അന്വേഷണം നടക്കുകയാണ്. മെക്കാനിക്കല്‍ തകരാറായിരിക്കാം എന്നതാണ് ഔദ്യോഗികമായി പുറത്തുവരുന്ന വിവരം. അതിനിടെ സമയോചിതമായി ഫാബിയോയുടെ നീക്കം പ്രശംസ പിടിച്ചുപറ്റി. മറിച്ചായിരുന്നെങ്കില്‍ ഗുരുതരമായ സാഹചര്യം ഉടലെടുക്കുകമായിരുന്നു.