ഹമാസ് സമാധാന കരാര്‍ ലംഘിച്ചു; ഗാസയെ ആക്രമിക്കാൻ ഉത്തരവിട്ട് ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ് : ഗാസയില്‍ ശക്തമായ ആക്രമണം നടത്താന്‍ ഉത്തരവിട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസിന്റെ ഭാഗത്തു നിന്നു തുടര്‍ച്ചയായി വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെടുന്നതായി ഇസ്രയേല്‍ ആരോപിച്ചു. ഹമാസ് സമാനധാന കരാര്‍ ലംഘിച്ചതായും സൈന്യത്തോട് ആക്രമണത്തിനു തയ്യാറാകാനും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.
തെക്കന്‍ ഗാസയില്‍ തങ്ങളുടെ സൈന്യത്തിന് നേരെ ഹമാസ് വെടിയുതിര്‍ത്തതായും ഹമാസ് തിരികെ കൊണ്ടു വന്ന ശരീരഭാഗങ്ങള്‍ ഏകദേശം രണ്ട് വര്‍ഷം മുന്‍പ് മരിച്ച ബന്ദിയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണെന്നും നെതന്യാഹു ആരോപിച്ചു. യുഎസ് മധ്യസ്ഥതയില്‍ ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാറിന്റെ വ്യക്തമായ ലംഘനമാണ് ഇതെന്നും നെതന്യാഹു വ്യക്തമാക്കി.
തിരിച്ചടി എങ്ങനെയെന്നു തീരുമാനിക്കാന്‍ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരെ അടിയന്തര യോഗം വിളിക്കുമെന്നും നെതന്യാഹു പറഞ്ഞു. ഗാസയ്ക്കുള്ള മാനുഷിക സഹായം നിര്‍ത്തലാക്കുക, ഗാസയിലെ സൈനിക നിയന്ത്രണം കടുപ്പിക്കുക, ഹമാസ് നേതാക്കള്‍ക്കെതിരെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണങ്ങള്‍ വര്‍ധിപ്പിക്കുക എന്നിവയാണ് പരിഗണനയിലുള്ള മാര്‍ഗങ്ങളെന്നു ഇസ്രയേല്‍ മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.



