വയനാട് ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പ് : ആദ്യ വീടിന്റെ നിർമിതിയിൽ ഗുണഭോക്താക്കൾ ഡബിൾ ഹാപ്പി

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കായി നിർമിച്ചു നൽകുന്ന വീടിന്റെ ഡിസൈനിലും നിർമാണത്തിലും ഗുണഭോക്താക്കൾ സന്തുഷ്ടർ. ഈ ഡിസംബറിൽ നിർമാണം പൂർത്തീകരിച്ച് സർക്കാർ പട്ടികയിലെ മുഴുവൻ ആളുകൾക്കും വീട് കൈമാറുമെന്ന പ്രഖ്യാപനം ആഹ്ലാദത്തോടെയാണ് അവർ ഏറ്റെടുത്തത്. ദുരന്തബാധിതര്‍ക്ക് 2026 ജനുവരി ഒന്നിന് ടൌൺ ഷിപ്പിലേക്ക് പ്രവേശിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാർ.
മൂന്ന് തരത്തിലുള്ള ലിസ്റ്റ് വെച്ചാണ് വീടുകള്‍ തയ്യാറാകുന്നത്. നോ ഗോ സോണിലുള്ളവര്‍, വീടുകള്‍ തകര്‍ന്നവര്‍, നോ ഗോ സോണിന് 50 മീറ്ററിനുള്ളിൽ ഉൾപ്പെട്ടവര്‍ എന്നിങ്ങനെയാണ് ലിസ്റ്റ്. ഇതില്‍പെടാത്തവരുമുണ്ട്. അത്തരത്തില്‍ 200 ഓളം പരാതികള്‍ ലഭിച്ചിട്ടുണ്ട്. അതില്‍ ചിലതൊക്കെ മാനദണ്ഡങ്ങളില്‍ പെടാത്തതതാണ്. എന്നാലും മാനദണ്ഡങ്ങള്‍ കുറച്ച് കൂടി വിശാലമാക്കാന്‍ ആലോചിക്കാമെന്നും റവന്യൂ മന്ത്രി വ്യക്തമാക്കി. ‘മൂന്ന് മാസം കഴിഞ്ഞ് സഹായങ്ങള്‍ ഇല്ലാതാകുമെന്നാണ് പലരും കരുതിയത്. എന്നാല്‍ വാടക ഒരു മാസം പോലും മുടങ്ങിയില്ല. പ്രതിമാസം ലഭിക്കുന്ന മൂന്നൂറ് രൂപ ഞങ്ങള്‍ക്ക് കൂടി വേണമെന്ന് ചിലര്‍ പറഞ്ഞു. അവരോട് അപേക്ഷ നല്‍കിയാല്‍ ഡിഡിഎംഎ ശുപാര്‍ശ വഴി വിഷയം പരിഗണിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഇത്ര വലിയ ദുരന്തം കേരളത്തിന്റെ അനുഭവങ്ങളിലില്ല. അത്രയും വലിയ ദുരന്തത്തില്‍പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനായി ചെറുതും വലുതുമായ പരാതികള്‍ പരിഹരിക്കാന്‍ ശ്രമിക്കുക എന്ന ധാരണയാണ് സര്‍ക്കാരിനുള്ളത്. അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തി സര്‍ക്കാരിനുണ്ട്. ‘ കെ രാജന്‍ പറഞ്ഞു
ടൗൺഷിപ്പ് പദ്ധതിയുടെ മുഴുവൻ ചെലവ് ആയി കണക്കാക്കിയിട്ടുള്ളത് 351 കോടി ആണ്. ഇതിൽ ഉൾപ്പെടുന്നത് Residences (410), ഹെൽത്ത് സെൻ്റർ, അംഗൻവാടി, മാർക്കറ്റ്, പബ്ലിക് ടോയ്ലറ്റ്, MCF ബിൽഡിംഗ്, കമ്മ്യൂണിറ്റി ഹാൾ കം ഡിസാസ്റ്റർ റിലീഫ് ഷെൽട്ടർ, ആംഫി തിയേറ്റർ, ഫുട്ബോൾ ഗ്രൗണ്ട്, ലാൻഡ്സ്കേപ്പ്, ജിം, കളി ഉപകരണങ്ങൾ, മെമ്മോറിയൽ എന്നിവ അടങ്ങിയതാണ്. ഇതിനോടൊപ്പം ടൗൺഷിപ്പ് നു ഉള്ളിൽ മുഴുവൻ റോഡ് കണക്റ്റിവിറ്റിയും ഉണ്ടാവും. പദ്ധതി പൂർത്തിയായാൽ ബിൽ സമർപ്പിക്കുമ്പോൾ ഓരോന്നിനും എത്ര തുക ആയി എന്ന് കൃത്യമായി അറിയാൻ പറ്റും , ഈ പദ്ധതിയുടെ മേൽനോട്ടത്തിന് ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട് അതിൽ പ്രതിപക്ഷ നേതാവും അംഗമാണ്.