പട്ടാപ്പകല്‍ ബാങ്ക് കവര്‍ച്ച; ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്കിന്റെ ശാഖയില്‍ നിന്ന് കത്തികാട്ടി 15 ലക്ഷം കൊള്ളയടിച്ചു

തൃശൂര്‍ : ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്കിന്റെ ശാഖയില്‍ പട്ടാപ്പകല്‍ മോഷണം. ജീവനക്കാരെ ബന്ദികളാക്കിയാണ് പണം കവര്‍ന്നത്. മോഷണ സമയത്ത് മാനേജരും ഒരു ജീവനക്കാരനും മാത്രമാണ് ബാങ്കില്‍ ഉണ്ടായിരുന്നത്. ഉച്ചസമയമായതിനാല്‍ മറ്റുള്ളവര്‍ ഭക്ഷണം കഴിക്കാന്‍ പോയതാ യിരുന്നു. ബാങ്കിലുണ്ടായിരുന്ന മാനേജരെയും മറ്റൊരു ജീവനക്കാരനെയും കത്തികാണിച്ച് ഭീഷണിപ്പെടുത്തി ടോയ്ലറ്റിനുള്ളില്‍ പൂട്ടിയിട്ട ശേഷമായിരുന്നു മോഷണം.
കത്തിയുമായി കയറിവന്ന യുവാവ് കൗണ്ടര്‍ കസേരകൊണ്ട് അടിച്ചു തകര്‍ത്താണ് പണം കവര്‍ന്നത്. വിവരം അറിഞ്ഞ് വന്‍ പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. അക്രമിയെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ജീവനക്കാരുടെ മൊഴി.
കത്തിയുമായി ബാങ്കിനുള്ളിലേക്ക് കയറിയ മോഷ്ടാവ് പണം എവിടെയാണ് ഇരിക്കുന്നതെന്ന് ചോദിച്ച ശേഷം കസേര ഉപയോഗിച്ച് ക്യാഷ് കൗണ്ടര്‍ തല്ലിപൊളിക്കുകയും ട്രേയില്‍ സൂക്ഷിച്ചിരുന്ന പണം അപഹരിക്കുകയുമായിരുന്നുവെന്നാണ് ജീവനക്കാര്‍ പറയുന്നത്. മോഷ്ടാവ് ഹെല്‍മറ്റ് ധരിച്ചിരുന്നുവെന്നും സംസാരിച്ച ഭാഷ ഏതായിരുന്നുവെന്ന് വ്യക്തമല്ലെന്നും ജീവനക്കാര്‍ പറയുന്നു.
പ്രതിക്കായി പൊലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അന്യസംസ്ഥാനക്കാരാണ് കവര്‍ച്ചക്കുപിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. സിസിടിവി ദൃശ്യങ്ങള്‍ ആദ്യഘട്ടത്തില്‍ പരിശോധിച്ചിരുന്നെങ്കിലും മോഷ്ടാവ് ഹെല്‍മറ്റും ഗ്ലൗസും ധരിച്ച നിലയിലായിരുന്നതിനാല്‍ മോഷ്ടാവിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ല. 15ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം