അന്തർദേശീയം

ഇസ്രയേൽ ബന്ധമെന്ന് ആരോപണം; ബംഗ്ലാദേശിൽ കെ.എഫ്.സി, ബാറ്റ, പ്യൂമ ഔട്ട്‌ലെറ്റുകൾ കൊള്ളയടിച്ചു

ധാക്ക : ഗാസയില്‍ ഇസ്രയേല്‍ വീണ്ടും ആക്രമണം തുടങ്ങിയതില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായി. വിദേശ ബ്രാന്‍ഡുകളായ കെ.എഫ്.സി, ബാറ്റ, പിസാ ഹട്ട്, പ്യൂമ തുടങ്ങിയവയുടെ ഔട്ട്‌ലെറ്റുകള്‍ പ്രതിഷേധക്കാര്‍ ആക്രമിക്കുകയും കൊള്ളയടിക്കുകയും തകര്‍ക്കുകയും ചെയ്തു. ഈ കമ്പനികള്‍ക്ക് ഇസ്രയേലുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ആക്രമണം.

ബംഗ്ലാദേശിലെ സില്‍ഹട്ട്, ചിറ്റഗോങ്, ഘുല്‍ന, ബരിശാല്‍, കോമില, ധാക്ക തുടങ്ങിയ നഗരങ്ങളിലാണ് അക്രമങ്ങള്‍ അരങ്ങേറിയത്. ഇസ്രയേലിനെ പിന്തുണയ്ക്കുന്നതിന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെയും പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കി.

രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ രാജ്യത്തേക്ക് വിദേശ നിക്ഷേപം കൊണ്ടുവരാന്‍ ഇടക്കാല സര്‍ക്കാര്‍ ആഗോള നിക്ഷേപക സംഗമം നടത്താനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് അക്രമങ്ങള്‍ നടക്കുന്നത്. സംഭവത്തില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായി 70 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വിഷയത്തില്‍ പ്രതിഷേധവുമായി ചെക്ക് റിപ്പബ്ലിക്കന്‍ കമ്പനിയായ ബാറ്റ രംഗത്ത് വന്നു. തങ്ങള്‍ക്ക് ഇസ്രയേലുമായി ബന്ധമില്ലെന്നും അക്രമസംഭവങ്ങളെ അപലപിക്കുന്നുവെന്നും ബാറ്റയുടെ പ്രസ്താവനയില്‍ പറയുന്നു. അക്രമിക്കപ്പെട്ട കമ്പനികളുടെ ഉടമസ്ഥതയില്‍ ഇസ്രയേല്‍ ബന്ധമുണ്ടെന്ന അഭ്യൂഹം പ്രചരിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button