അന്തർദേശീയം

ഭൂമിക്കുമേൽ ഒഴുകിപ്പരക്കുന്ന പച്ചവെളിച്ചം; ബഹിരാകാശത്തിൽ നിന്നുള്ള ധ്രുവദീപ്‍തി ദൃശ്യങ്ങൾ

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) നിന്നുള്ള കാഴ്ചകൾ ആരെയും അമ്പരപ്പിക്കുന്നതായിരിക്കും. ഭൂമിയിൽ നിന്ന് 250 മൈൽ ഉയരത്തിൽ നിന്ന് ആസ്വദിക്കാൻ കഴിയുന്ന അവിശ്വസനീയമായ പലവിധ കാഴ്ചകളാണ് ഓരോ ബഹിരാകാശ സഞ്ചാരിക്കും ഐഎസ്എസ് സമ്മാനിക്കുന്നത്. വളരെ താഴെയുള്ള സ്ഥലങ്ങളുടെ അതിശയകരമായ കാഴ്ചകൾ, ഓരോ 90 മിനിറ്റിലും സൂര്യോദയങ്ങളും സൂര്യാസ്തമയങ്ങളും, ഇടിമിന്നലിന്റെ അതിശയിപ്പിക്കുന്ന ദൃശ്യങ്ങൾ, ചന്ദ്രനും ക്ഷീരപഥവും ഉൾപ്പെടെ അതിശയിപ്പിക്കുന്ന പലപല കാഴ്ചകൾ ഭൂമിക്ക് മേലിരിക്കുന്നവർക്ക് കാണാൻ സാധിക്കും.

ആകാശത്തിലെ പച്ചവെളിച്ചത്തിന്‍റെ അദ്ഭുത പ്രവാഹമായ അറോറ അഥവാ ധ്രുവദീപ്‍തിയും അത്തരത്തിലൊരു മായക്കാഴ്ചയാണ്. ഭൂമിയുടെ കാന്തിക ക്ഷേത്രവുമായുള്ള സൗരവാതങ്ങളുടെ പ്രതിപ്രവർത്തനം മൂലം സഭവിക്കുന്നതാണ് ധ്രുവദീപ്‍തി പ്രതിഭാസം. ഇപ്പോഴിതാ ബഹിരാകാശത്തു നിന്നും ഒരു യാത്രികൻ പകർത്തിയ ധ്രുവദീപ്‍തിയുടെ വീഡിയോ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഐ‌എസ്‌എസ് ക്രൂ അംഗമായ നാസ ബഹിരാകാശയാത്രികൻ ഡോൺ പെറ്റിറ്റാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.

അതേസമയം ബഹിരാകാശ നിലയത്തിൽ നിന്ന് പകർത്തിയ ആദ്യത്തെ അറോറ കാഴ്ചകൾ അല്ല ഇവ. ഡോൺ പെറ്റിറ്റ് തന്നെ മുമ്പും ധ്രുവ ദീപ്‍തി ചിത്രങ്ങൾ പങ്കുവച്ചിരുന്നു. എന്നാൽ ഈ പുതിയ വീഡിയോ സമീപ വർഷങ്ങളിൽ നമ്മൾ കണ്ട മറ്റ് പല അറോറ ക്ലിപ്പുകളിൽ നിന്നും വ്യത്യസ്തമായി തോന്നുന്നു. ഈ വീഡിയോ ദൃശ്യങ്ങളിൽ പച്ച നിറങ്ങൾ നാടകീയമായ രീതിയിൽ ഒഴുകിപ്പരക്കുന്നത് കാണാം. ഭൂമിയുടെ വളവ് ഉൾപ്പെടുന്ന വിശാലമായ ഒരു ആംഗിളും ഈ വീഡിയോകളിൽ കാണാം. നോര്‍ത്തേണ്‍ ലൈറ്റ് എന്നറിയപ്പെടുന്ന ധ്രുവദീപ്‍തിയുടെ ഈ വീഡിയോയിലെ പച്ച നിറത്തിന്‍റെ തീവ്രമായ ഒഴുക്ക് കാഴ്ചക്കാരെ മയക്കും.

കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ ഡോൺ പെറ്റിറ്റ് ഭ്രമണപഥത്തിൽ ഉണ്ട്. ആ സമയം മുതൽ വളരെ ഉയരത്തിൽ നിന്ന് പകർത്തിയ ഭൂമിയുടെ ചിത്രങ്ങളുടെയും വീഡിയോകളും കൊണ്ട് ഭൂമിയിലുള്ളവരെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് ഡോൺ പെറ്റിറ്റ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button