കേരളം

ആലപ്പുഴയിൽ യുവാവിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം

ആലപ്പുഴ : സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ യുവാവിനെ കാറിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമം. കരുനാഗപ്പള്ളി ചക്കുപള്ളി സ്വദേശി ഷംനാദിനെ (32) ആണ് ഇന്നോവ കാറിലെത്തിയ അഞ്ചംഗ സംഘം തട്ടികൊണ്ടു പോകാൻ ശ്രമിച്ചത്. പൊലീസിനെ കണ്ട് ഭയന്ന് സംഘം രക്ഷപ്പെടുകയായിരുന്നു. ഇന്നലെ രാത്രി ബൈപാസിൽ വിജയ് പാർക്കിന് സമീപത്താണ് സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

കളർകോട് ഭാഗത്ത് നിന്നാണ് സാമ്പത്തിക ഇടപാടിനെ കുറിച്ച് സംസാരിക്കാൻ യുവാവിനെ സംഘം കാറിൽ കയറ്റിയത്. സംസാരം തർക്കത്തിലേക്ക് കടന്നതോടെ യുവാവ് കാറിന്റെ സ്റ്റിറയിങ് പിടിച്ചു തിരിച്ചു. ഇതോടെ നിയന്ത്രണം വിട്ട് വാഹനം ബൈപാസിന്റെ കൈവരിയിൽ ഇടിച്ചു നിന്നു. ഇതിന് പിന്നാലെ യുവാവ് കാറിൽ നിന്ന് പുറത്തിറങ്ങി കാറിന്റെ മുൻവശത്തെ ചില്ല് അടിച്ചു തകർത്ത ശേഷം കൊമ്മാടി ഭാഗത്തേക്ക് ഓടി.

സംഭവം ബൈപാസിൽ പട്രോളിങ് നടത്തുകയായിരുന്ന ബൈപാസ് ബീക്കൺ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ സംഘത്തിലുണ്ടായിരുന്നവർ പിന്നാലെ വന്ന മറ്റൊരു കാറിൽ കയറി കടന്നു കളയുകയായിരുന്നു. പൊലീസ് അപകടത്തിൽപെട്ട കാർ കസ്റ്റഡിയിലെടുത്തു. യുവാവിനെ ചോദ്യം ചെയ്ത് വരികയാണ്. ഇരുകൂട്ടരും പരിചയക്കാരാണെന്നും സാമ്പത്തിക ഇടപാടാണു സംഭവത്തിനു പിന്നിലെന്നും സൗത്ത് ഇൻസ്പെക്ടർ കെ ശ്രീജിത്ത് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button