അന്തർദേശീയം

വിസിറ്റ് വിസയിൽ കുടുംബാംഗങ്ങളുടെ വരവ് : പ്രവാസികൾക്കുള്ള മിനിമം ശമ്പള നിബന്ധന ഒഴിവാക്കി കുവൈത്ത്

കുവൈത്ത് സിറ്റി : സന്ദർശക വിസാ ചട്ടങ്ങളിൽ വമ്പൻ പരിഷ്കാരം ഏർപ്പെടുത്താനുള്ള നിർദ്ദേശവുമായി കുവൈത്ത് ഭരണകൂടം. പരിഷ്കരണത്തിന്റെ ഭാഗമായി വിസിറ്റ് വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടു വരാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കുള്ള മിനിമം ശമ്പള നിബന്ധന കുവൈത്ത് നിറുത്തലാക്കി. തുറന്ന സമീപനം വളർത്തുന്നതിനും സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് പരിഷ്കാരം നടപ്പിലാക്കുന്നത്. ജനറൽ റസിഡൻസ് വകുപ്പിന്റെ ഇലക്ട്രോണിക് സർവീസസ് അഡ്മിനിസ്ട്രേഷനിലെ കേണൽ അബ്ദുൾ അസീൽ കന്ദരിയാണ് പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചത്.

നേരത്തെ ബന്ധുക്കളെ സ്പോൺസർ ചെയ്യുന്നതിന് പ്രവാസികൾക്ക് പ്രത്യേക വരുമാന പരിധി നിർബന്ധമായിരുന്നു. പുതിയ പരിഷ്കാരം നടപ്പാക്കുന്നതോടെ ദീ‌ർഘകാലമായി പ്രവാസികൾ നേരിട്ടിരുന്ന സാമ്പത്തിക വെല്ലുവിളിയാണ് ഒഴിവാകുന്നത്. പുതിയ പരിഷ്കാരമനുസരിച്ച് നാല് വിഭാഗങ്ങൾക്കാണ് ടൂറിസ്റ്റ് വിസയ്ക്ക് അർഹതയുള്ളത്. ഓരോന്നിനും ഒന്നിലധികം ഓപ്ഷനുകളും ഉണ്ട്. നിയമപരമായി കുവൈറ്റിൽ താമസിക്കുന്ന ഏതൊരാൾക്കും വരുമാനം പരിഗണിക്കാതെ കുടുംബാംഗങ്ങളെ ഹോസ്റ്റ് ചെയ്യാനും അപേക്ഷിക്കാം,​

കൂടാതെ, ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് ഇൻഫർമേഷൻ സിസ്റ്റംസുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത കുവൈത്ത് വിസ പ്ലാറ്റ്‌ഫോമിലൂടെ വിസ അപേക്ഷാ നടപടികൾ പൂർണ്ണമായ ഡിജിറ്റൽ പരിവർത്തനത്തിന് വിധേയമാക്കിയിട്ടുണ്ട്. അടുത്ത ബന്ധുക്കൾക്ക് മാത്രമല്ല അകന്ന ബന്ധുക്കൾക്കും ടൂറിസ്റ്റ് വിസയ്ക്ക് അനസരമൊരുക്കും. വിസാ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനും കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും പുതിയ പരിഷ്കാരം ലക്ഷ്യമിടുന്നുവെന്നും അധികൃതർ അറിയിച്ചു. കുവൈത്തിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കാനും അവർക്ക് പ്രത്യേക ടൂറിസം അനുഭവം നൽകാനുമാണ് പുതിയ നീക്കം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button