സംസ്ഥാന സർക്കാർ വാക്ക് പാലിച്ചു , വിശ്വവിജയികളായ അര്‍ജന്റീന ടീം കേരളത്തിലേക്ക്
തിരുവനന്തപുരം: വിശ്വവിജയികളായ അര്‍ജന്റീന ടീം കേരളത്തിലേക്ക്. അര്‍ജന്റീനന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ പ്രതിനിധികള്‍ ഉടന്‍ കേരളം സന്ദര്‍ശിക്കും. നവംബറിൽ തന്നെ അർജന്റീന പ്രതിനിധികൾ കേരളത്തിൽ എത്തും. തുടര്‍ന്നായിരിക്കും തിയ്യതി പ്രഖ്യാപിക്കുക. കായിക മന്ത്രി വി അബ്ദുറഹ്‌മാന്റെ നേതൃത്വത്തില്‍ സ്‌പെയിനിലെ മാഡ്രിഡില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍ അധികൃതര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ടീം വരുന്ന സമയവും വേദിയും പിന്നീട് തീരുമാനിക്കും.
അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറഷന്‍ കേരളത്തില്‍ ഫുട്‌ബോള്‍ പരിശീലന കേന്ദ്രം തുടങ്ങാനും സാധ്യതയുണ്ട്. ഫെഡറേഷന്റെ പ്രതിനിധികളുടെ സന്ദര്‍ശനത്തിനു പിന്നാലെ അര്‍ജന്റീന ഫുട്‌ബോള്‍ ടീമും കേരളം സന്ദര്‍ശിക്കുമെന്നാണ് ലഭിക്കുന്ന വിവരം. മന്ത്രിക്ക് ഒപ്പം കായിക വകുപ്പ് ഡയറക്ടറും സെക്രട്ടറിയും സ്‌പെനിലെ മാഡ്രിഡില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. നേരത്തെ തന്നെ അര്‍ജന്റീന ടീം കേരളത്തില്‍ കളിക്കാനുള്ള ക്ഷണം സ്വീകരിച്ചിരുന്നു. അര്‍ജന്റീന ടീം അടുത്ത വര്‍ഷം കേരളത്തില്‍ രണ്ട് മത്സരം കളിക്കുമെന്ന് നേരത്തെ കായികമന്ത്രി അറിയിച്ചിരുന്നു. മുമ്പ് ലയണല്‍ മെസിയടക്കമുള്ള അര്‍ജന്റീന ടീം ഇന്ത്യയില്‍ കളിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ഭീമമായ ചെലവ് താങ്ങാന്‍ കഴിയാത്തതിനാല്‍ ആ അവസരം നഷ്ടപ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. പിന്നാലെയായിരുന്നു അര്‍ജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കുന്നത്. 2022ലെ ഖത്തര്‍ ലോകകപ്പ് വിജയത്തിന് പിന്നാലെ കേരളത്തെയടക്കം പരാമര്‍ശിച്ച് നന്ദിയറിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു.