ദേശീയം

ജൂൺ നാലിന് ശേഷം ഇന്ത്യയിൽ മോദി സർക്കാർ ഉണ്ടാകില്ല, രാജ്യത്തിന് വേണ്ടി രക്തം ചിന്താൻ തയ്യാറെന്ന് കെജ്‌രിവാൾ

ന്യൂഡല്‍ഹി: ഏകാധിപത്യം തല പൊക്കിയപ്പോഴൊക്കെ രാജ്യത്തെ ജനങ്ങള്‍ അതിനെ വേരോടെ പിഴുതെറിഞ്ഞിട്ടുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജരിവാള്‍. ഇന്ത്യ മുന്നണിയായിരിക്കും കേന്ദ്രത്തില്‍ അടുത്ത സര്‍ക്കാരുണ്ടാക്കുന്നതെന്നും ആംആദ്മി പാര്‍ട്ടി അതിന്റെ ഭാഗമായിരിക്കുമെന്നും കെജരിവാള്‍ പറഞ്ഞു. ജയിലില്‍നിന്നു പുറത്തിറങ്ങിയ ശേഷം ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കളെ അറസ്റ്റ് ചെയ്യുകയും സര്‍ക്കാരിനെ അട്ടിമറിക്കുകയും ചെയ്യുകയാണ് ബിജെപി ചെയ്യുന്നത്. വ്യാജ കേസില്‍ പെടുത്തി അറസ്റ്റ് ചെയ്ത് തന്നെ രാജിവയ്പ്പിക്കാനായിരുന്നു ഗൂഢാലോചന. അതുകൊണ്ടു തന്നെയാണ് താന്‍ രാജിവയ്ക്കാതിരുന്നതെന്ന് കെജരിവാള്‍ പറഞ്ഞു.രണ്ടു സംസ്ഥാനത്ത് മാത്രം സാന്നിധ്യമുള്ള ചെറിയ പാര്‍ട്ടിയാണ് ഞങ്ങളുടേത്. എന്നിട്ടും സകല ശക്തിയുമെടുത്താണ് മോദി ആംആദ്മിക്കെതിരെ പ്രവര്‍ത്തിച്ചത്. ആംആദ്മിയുടെ നാലു നേതാക്കളെയാണ് ഒരുമിച്ചു ജയിലില്‍ അടച്ചത്. മറ്റൊരു പാര്‍ട്ടിയായിരുന്നെങ്കില്‍ ഇതിനകം തകര്‍ന്നുപോയേനെയെന്ന് കെജരിവാള്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരാണെന്നാണ് അവര്‍ ചോദിക്കുന്നത്. ഞാന്‍ തിരിച്ചു ചോദിക്കുന്നു, ആരാണ് നിങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി?

മോദി വോട്ട് ചോദിക്കുന്നത് അമിത് ഷായെ പ്രധാനമന്ത്രിയാക്കാനാണ്. മോദി ഇനി പ്രധാനമന്ത്രിയാകില്ല. മോദിയുടെ ലക്ഷ്യം ഒരു രാജ്യം ഒരു നേതാവ് എന്നതാണ്. ബിജെപിക്കുള്ളില്‍ തന്നെ പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അധികാരം പിടിച്ചെടുത്തിരിക്കുകയാണ്. ബിജെപിയിലെ മുതിർന്ന നേതാക്കളുടെ എല്ലാം രാഷ്ട്രീയ ഭാവി ഇല്ലാതാക്കി. അദ്വാനി, മുരളി മനോഹർ ജോഷി, സുമിത്ര മഹാജൻ ഇവരുടെ ഒക്കെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കി. മോദി ജയിച്ചാൽ രണ്ട് മാസത്തിനകം യോഗി സർക്കാരിനെ മാറ്റും. അടുത്ത നമ്പർ യോഗി ആദിത്യനാതിന്റേത് ആണ്. ഇതാണ് മോദിയുടെ രാഷ്ട്രീയ അജണ്ടയെന്നും അദ്ദേഹം വിമർശിച്ചു.

കെജരിവാളിനെ അറസ്റ്റ് ചെയ്തല്ലോ, ഇനിയിപ്പോള്‍ ആരെയും അറസ്റ്റ് ചെയ്യാം എന്ന സന്ദേശമാണ് ബിജെപി നല്‍കിയത്. ഭഗവാന്‍ ഹനുമാന്‍ അനുഗ്രഹിച്ച് അദ്ഭുതം പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഇപ്പോള്‍ താന്‍ പ്രവര്‍ത്തകരുടെ ഇടയില്‍ നില്‍ക്കുന്നതെന്ന് കെജരിവാള്‍ പറഞ്ഞു. പുറത്തിറങ്ങിയ ശേഷം തെരഞ്ഞെടുപ്പു വിദഗ്ധരുമായും ജനങ്ങളുമായും താന്‍ സംസാരിച്ചു. ജൂണ്‍ നാലിനു ശേഷം ബിജെപിക്കു സര്‍ക്കാരുണ്ടാക്കാനാവില്ലെന്നാണ് എല്ലാവരും പറയുന്നത്. അതിനായി രക്തം ചിന്താനും ഞാൻ തയ്യാറാണ്. അടുത്ത 20 കൊല്ലം എഎപിയെ തോല്‍പ്പിക്കാനാവില്ലെന്നു ബോധ്യപ്പെട്ടപ്പോഴാണ് തന്നെ കള്ളക്കേസില്‍ കുടുക്കിയത്. സുപ്രീം കോടതി തനിക്ക് 21 ദിവസം തന്നിട്ടുണ്ട്. രാജ്യമാകെ മോദിക്കെതിരെ പ്രചാരണം നടത്തുകയാണ് ഇനി ചെയ്യാന്‍ പോവുന്നതെന്ന് കെജരിവാള്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button