ഐ ഫോൺ 17 ലോഞ്ചിങ് തീയതി പ്രഖ്യാപിച്ച് ആപ്പിൾ

കലിഫോർണിയ : ഐഫോൺ പ്രേമികൾ കാത്തിരുന്ന 17 സീരീസിന്റെ ലോഞ്ചിങ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ച് ആപ്പിൾ. സെപ്റ്റംബർ 9 ന് കലിഫോർണിയയിലെ കുപ്പോർട്ടിനോയിലെ സ്റ്റീവ് ജോബ്‌സ് തിയറ്ററിൽ ആയിരിക്കും ലോഞ്ചിങ് നടക്കുക. ഐഫോണ്‍ 17, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ്, ഐഫോണ്‍ 17 എയര്‍ തുടങ്ങിയ നാല് പുതിയ മോഡലുകളാണ് ഐഫോണ്‍ പുറത്തിറക്കുക.
ഡിസൈനിങ്ങിലും ,പ്രോഗ്രാമിങിലും ഉൾപ്പടെ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ആപ്പിളിന്റെ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും കനം കുറഞ്ഞ മോഡലാണ് ഐഫോണ്‍ 17 എയര്‍ എന്നും വാർത്തകളുണ്ട്. ഐഫോണിന് 5 മുതൽ 6 മില്ലീമീറ്റർ കനവും, 6.5 ഇഞ്ച് സ്‌ക്രീനുമാണ് വരുന്നത്. കൂടാതെ 17 പ്രോയ്ക്ക് മെച്ചപ്പെട്ട കാമറ, വേഗതയേറിയ A19 ചിപ്പുകള്‍ , നെക്സ്റ്റ് ജനറേഷൻ എഐ ഫീച്ചറുകള്‍ ഉള്ള iOS 26 എന്നിവ ഉൾപ്പെട്ടേക്കാമെന്നാണ് ടെക് വിദഗ്ധരുടെ അഭിപ്രായം.
ഐഫോണ്‍ 17 പ്രോയിലും പ്രോ മാക്‌സിലും മികച്ച ഒപ്റ്റിക്കല്‍ സൂം, ലോ-ലൈറ്റ് ഫോട്ടോഗ്രാഫി, ഷാർപ്പ് 8K വീഡിയോ ശേഷിയുള്ള പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെന്‍സ് എന്നിവ ഉള്ളതായും റിപ്പോർട്ടുകളുണ്ട്.
ഐഫോണ്‍ 17 ന്റെ പ്രാരംഭ വില ഏകദേശം 79,900 ആയിരിക്കുമെന്നും ഐഫോൺ 17 പ്രോയുടെ വില 1,29,900 ആകുമെന്നുമാണ് സൂചന. ഐഫോൺ 17 എയറിന് മറ്റുമോഡലുകളെ അപേക്ഷിച്ച് കുറഞ്ഞ വിലയാണെന്നും വാർത്തകളുണ്ട്. വിലയെ സംബന്ധിച്ച വിവരങ്ങളിൽ ആപ്പിൾ ഇതുവരെ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
ആഗോളവിപണിയിൽ എത്തി പത്ത് ദിവസങ്ങൾക്ക് ശേഷമായിരിക്കും ഐഫോൺ 17 ഇന്ത്യയിലെത്തുക. സെപ്റ്റംബർ 12 ന് പ്രീ-ഓർഡറുകൾ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.