ലണ്ടൻ നഗരം സ്തംഭിപ്പിച്ച് ഒരു ലക്ഷത്തിലധികം പേര് പങ്കെടുത്ത കുടിയേറ്റ വിരുദ്ധരുടെ പ്രതിഷേധം; നിരവധി പേര് അറസ്റ്റിൽ

ലണ്ടൻ : യുകെയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വലതുപക്ഷ പ്രകടനങ്ങളിലൊന്നായി ശനിയാഴ്ച സെൻട്രൽ ലണ്ടനിൽ നടന്ന കുടിയേറ്റവിരുദ്ധരുടെ പ്രതിഷേധം. കുടിയേറ്റ വിരുദ്ധ പ്രവര്ത്തകൻ ടോമി റോബിൻസണിന്റെ നേതൃത്വത്തിലാണ് ഒരു ലക്ഷത്തിലധികം വരുന്ന പ്രക്ഷോഭകര്‍ അണിനിരന്നത്. പ്രകടനത്തിനിടെ നിരവധി ഉദ്യോഗസ്ഥരെ ആക്രമിച്ചതായും പൊലീസ് റിപ്പോർട്ട് ചെയ്തു.
‘യുണൈറ്റ് ദി കിങ്ഡം മാർച്ച്’ എന്ന പേരിലുള്ള ഈ പ്രതിഷേധത്തിൽ ഏകദേശം 110,000 പേർ പങ്കെടുത്തതായി പൊലീസ് വ്യക്തമാക്കുന്നു. ഇതിനിടെ സ്റ്റാന്‍ഡ് അപ്പ് ടു റേസിസം സംഘടിപ്പിച്ച ‘മാര്‍ച്ച് എഗൈന്‍സ്റ്റ് ഫാസിസം’ എന്ന പ്രതിഷേധത്തിന് ലണ്ടന്റെ മറ്റൊരു ഭാഗം സാക്ഷിയായി. റസ്സല്‍ സ്ക്വയറിനടുത്ത് ആയിരങ്ങളാണ് ഫാസിസ്റ്റ് വിരുദ്ധ റാലിയില്‍ പങ്കെടുത്തത്. പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ മെട്രോപൊളിറ്റൻ പൊലീസ് നന്നേ പാടുപെട്ടു. കൂടുതൽ സേനയെ വിന്യസിക്കുകയും ചെയ്തു. കുടിയേറ്റക്കാരെ പാർപ്പിച്ച ഹോട്ടലുകൾക്ക് പുറത്തുമ പ്രതിഷേധങ്ങൾ അരങ്ങേറി.യൂണിയൻ പതാകയും ചുവപ്പും വെള്ളയും നിറങ്ങളിലുള്ള സെന്റ് ജോർജ് കുരിശും പ്രതിഷേധക്കാരുടെ കയ്യിലുണ്ടായിരുന്നു. ചിലര്‍ അമേരിക്കൻ, ഇസ്രായേലി പതാകകളും പ്രദര്‍ശിപ്പിച്ചു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മാഗ തൊപ്പികള്‍ ധരിച്ചെത്തിയ പ്രകടനക്കാര്‍ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറിനെ വിമര്‍ശിക്കുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കി. ‘അവരെ വീട്ടിലേക്ക് അയയ്ക്കുക’ എഴുതിയ പ്ലക്കാര്‍ഡുകളും കയ്യിലുണ്ടായിരുന്നു. ചിലര്‍ക്കൊപ്പം അവരുടെ കുട്ടികളുമുണ്ടായിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ആഘോഷമായിട്ടാണ് റോബിൻസണ്‍ യുണൈറ്റഡ് കിങ്ഡം മാര്‍ച്ചിനെ വിശേഷിപ്പിച്ചത്. ഈ ആഴ്ച ആദ്യം വെടിയേറ്റ് മരിച്ച ട്രംപിന്റെ വിശ്വസ്തനും അമേരിക്കൻ യാഥാസ്ഥിതികപ്രസ്ഥാനത്തിലെ മുന്നണിപ്പോരാളിയുമായ ചാർലി കിര്‍ക്കിന്റെ മരണത്തിലും റാലിയിൽ അനുശോചനം പ്രകടിപ്പിച്ചു. “നമ്മുടെ സ്വാതന്ത്ര്യത്തിനായി ഒന്നിച്ചുചേരുമ്പോൾ ലക്ഷക്കണക്കിന് ആളുകൾ മധ്യ ലണ്ടനിലെ തെരുവുകളിൽ ഇതിനകം തിങ്ങിനിറഞ്ഞിരിക്കുന്നു” എന്ന് എക്സിലെ ഒരു സന്ദേശത്തിൽ റോബിൻസൺ പറഞ്ഞു.