അയലൻഡിലെ കുടിയേറ്റ വിരുദ്ധ കലാപം അക്രമാസക്തം; 24 പേർ അറസ്റ്റിൽ

ഡബ്ലിൻ : ഐറിഷ് തലസ്ഥാനമായ ഡബ്ലിനിൽ കുടിയേറ്റ വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടു. തുടർച്ചയായി രണ്ടു രാത്രികളിൽ കലാപകാരികൾ അഴിഞ്ഞാടിയതിനെ തുടർന്ന് രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. 24 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഓൺലൈനിൽ പ്രചരിച്ച ദൃശ്യങ്ങളിൽ കലാപകാരികൾ പൊലീസിനെ നേരിടുന്നതും പൊലീസ് വാൻ കത്തിക്കുന്നതും കാണുന്നു.
കല്ലുകൾ, ഇഷ്ടികകൾ, പടക്കങ്ങൾ എന്നിവ ഉദ്യോഗസ്ഥർക്കു നേരെ എറിഞ്ഞതിനെ തുടർന്ന് ഒരാളുടെ തലക്കും മറ്റൊരാളുടെ കൈക്കുമാണ് പരിക്കേറ്റത്. പടിഞ്ഞാറൻ ഡബ്ലിനിലെ നഗരപ്രാന്തത്തിലുള്ള അഭയാർഥി അപേക്ഷകർക്കായുള്ള കേന്ദ്രത്തിന് പുറത്താണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഐറിഷ് സർക്കാറിന്റെ അഭയാർത്ഥികൾക്കായുള്ള അന്താരാഷ്ട്ര സംരക്ഷണ പരിപാടിയുടെ ഭാഗമായുള്ള സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബങ്ങൾ ഈ സമുച്ചയത്തിൽ താമസിക്കുന്നു.
തിങ്കളാഴ്ച പുലർച്ചെ പ്രദേശത്ത് ഒരു പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി ആരോപിച്ച് നടത്തിയ സമാധാനപരമായ പ്രകടനത്തിനു പിന്നാലെയാണ് കുടിയേറ്റ വിരുദ്ധ സംഘർഷം ആരംഭിച്ചതെന്ന് അധികൃതർ പറഞ്ഞു. ഐറിഷ് ചൈൽഡ് ആൻഡ് ഫാമിലി ഏജൻസിയായ ‘ടുസ്ല’യുടെ സംരക്ഷണയിലായിരുന്ന 10 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് 26 വയസ്സുള്ള ഡബ്ലിൻ സ്വദേശിക്കെതിരെ കേസെടുത്തിരുന്നു. ഇതെത്തുടർന്ന് യുവാക്കളും കൗമാരക്കാരും അക്രമം നടത്തിതെന്നാണ് പൊലീസ് പറയുന്നത്.
24 അറസ്റ്റുകളിൽ 17 മുതിർന്നവർക്കെതിരെ പൊതു ക്രമസമാധാന ലംഘന കുറ്റങ്ങൾ ചുമത്തി. ഇവരെ ഡബ്ലിനിലെ ക്രിമിനൽ കോടതികളിൽ ഹാജരാക്കും. അക്രമം മുൻകൂട്ടി ആസൂത്രണം ചെയ്തതും ഓൺലൈനിൽ ഏകോപിപ്പിച്ചതുമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പൊലീസ് കമീഷണർ ജസ്റ്റിൻ കെല്ലി അക്രമത്തെ അപലപിച്ചു. തികച്ചും അസ്വീകാര്യമെന്നും അത്തരം നടപടികളെ സമാധാനപരമായ പ്രതിഷേധം എന്ന് വിശേഷിപ്പിക്കാൻ കഴിയില്ലെന്നും ഊന്നിപ്പറഞ്ഞു. ഇനിയും എന്തെങ്കിലും കുഴപ്പങ്ങൾ ഉണ്ടായാൽ ശക്തമായ പ്രതികരണം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.