യൂറോപ്യൻ യൂണിയൻ വാർത്തകൾ

വീണ്ടും മുന്നറിയിപ്പ്; എ320 ശ്രേണി വിമാനങ്ങളിൽ നിർമാണപ്പിഴവ്

ലൈഡൻ : സോഫ്റ്റ്​വെയർ പ്രശ്നത്തിന് പിന്നാലെ എയർബസ് എ320 ശ്രേണിയിലുള്ള വിമാനങ്ങളിൽ ആശങ്കയായി നിർമാണപ്പിഴവും. നിർമാണ സമയത്ത് ചില വിമാനങ്ങ​ളുടെ ഫ്യൂസലേജ് പാനലുകൾ ഘടിപ്പിച്ചതിൽ പിഴവുണ്ടായതായാണ് എയർബസിന്റെ കണ്ടെത്തൽ.​ ആഗോളതലത്തിൽ വ്യോമയാന ഗതാഗതത്തിൽ വ്യാപകമായി പ്രചാരത്തിലിരിക്കുന്ന വിമാനങ്ങളാണ് എ320.

വിമാനത്തിന്റെ യന്ത്രഭാഗങ്ങളും ചിറകുമടക്കം ഘടിപ്പിക്കുന്ന പ്രധാന ബോഡി ഭാഗമാണ് ഫ്യൂസലേജ്. അതേസമയം, നിലവിൽ സർവീസിൽ ഇരിക്കുന്ന വിമാനങ്ങളിൽ പിഴവ് കണ്ടെത്തിയിട്ടില്ലെന്നാണ് എയർബസ് നൽകുന്ന വിശദീകരണം. നിർമാണം പൂർത്തിയായ ചില വിമാനങ്ങളിൽ പിഴവ് ​കണ്ടെത്തിയതോടെ ഉത്പാദനം മന്ദഗതിയിലായിട്ടുണ്ട്. ഇതോടെ വിമാനങ്ങൾക്ക് ഓർഡർ നൽകിയ കമ്പനികൾ കൂടുതൽ കാത്തിരിക്കേണ്ടി വന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

വിമാനത്തിലെ എലിവേറ്റര്‍ ആന്‍ഡ് ഐലറോണ്‍ കമ്പ്യൂട്ടറില്‍ (ഇ.എൽ.എ.സി) സുരക്ഷാ പ്രശ്‌നം കണ്ടെത്തിയതിയതിന് പിന്നാലെ ലോകമെമ്പാടുമുള്ള 6,000ത്തോളം എയര്‍ബസ് എ320 ശ്രേണിയിലുള്ള വിമാനങ്ങള്‍ സര്‍വീസില്‍ നിന്നും തിരിച്ചുവിളിച്ചിരുന്നു. ഇതിന് ദിവസങ്ങൾക്ക് ശേഷമാണ് നിർമാണപ്പിഴവ് സംബന്ധിച്ച കണ്ടെത്തലും കമ്പനി സ്ഥിരീകരിക്കുന്നത്.

രാജ്യത്തുടനീളം ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് കമ്പനികളുടെതായി 350ഓളം വിമാന സര്‍വീസുകളാണ് എ320 വിമാനങ്ങളുപയോഗിച്ച് നടത്തുന്നത്. ഇതിനിടെ, ഭൂരിഭാഗം വിമാനങ്ങളിലും കാലതാമസമില്ലാതെ സോഫ്റ്റ്​വെയർ അപ്ഡേറ്റ് പൂർത്തിയാക്കാനായതായും വ്യോമഗതാഗതത്തെ സാരമായി ബാധിച്ചിട്ടില്ലെന്നുമാണ് എയർലൈൻ അധികൃതരുടെ വിശദീകരണം.

എ319, എ320 coes, neos, എ321 ceos, neos എന്നിവ ഉൾപ്പെടുന്നതാണ് എ320 ശ്രേണി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button