ദേശീയം
അനിൽ അംബാനിക്കും 24 സ്ഥാപനങ്ങൾക്കും അഞ്ചുവർഷത്തെ ഓഹരിവിപണി വിലക്ക്, അനിലിന് 25 കോടിയുടെ പിഴ
ന്യൂഡല്‍ഹി: വ്യവസായി അനില്‍ അംബാനിയെയും 24 സ്ഥാപനങ്ങളെയും വിപണി നിയന്ത്രണ സംവിധാനമായ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ വിലക്കി. റിലയന്‍സ് ഹോം ഫിനാന്‍സിന്റെ നേതൃനിരയില്‍ ഉണ്ടായിരുന്ന മുന്‍ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെ അഞ്ചുവര്‍ഷത്തേയ്ക്കാണ് സെബി വിലക്കിയത്. കമ്പനിയുടെ ഫണ്ട് വകമാറ്റിയതിനാണ് നടപടി.
അനില്‍ അംബാനിക്ക് സെബി 25 കോടി രൂപ പിഴയും ചുമത്തി. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് ഒരു വിധത്തിലുമുള്ള പ്രവര്‍ത്തനവും നടത്തരുത്. വിലക്കുള്ള അഞ്ചുവര്‍ഷ കാലയളവില്‍ ലിസ്റ്റഡ് കമ്പനിയിലോ സെബിയില്‍ രജിസ്റ്റര്‍ ചെയ്ത ഇടനിലക്കാരിലോ ഡയറക്ടര്‍ സ്ഥാനം അടക്കം ഒരു നിര്‍ണായക പദവിയും വഹിക്കരുതെന്നും സെബിയുടെ ഉത്തരവില്‍ പറയുന്നു. റിലയന്‍സ് ഹോം ഫിനാന്‍സിനെ സെക്യൂരിറ്റീസ് മാര്‍ക്കറ്റില്‍ നിന്ന് ആറ് മാസത്തേക്ക് വിലക്കുകയും ആറ് ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. 222 പേജുള്ള അന്തിമ ഉത്തരവില്‍ അനില്‍ അംബാനിയും ആര്‍എച്ച്എഫ്എല്ലിന്റെ ഉയര്‍ന്ന എക്സിക്യൂട്ടീവുകളും ആര്‍എച്ച്എഫ്എല്ലില്‍ നിന്ന് പണം തട്ടാനുള്ള തട്ടിപ്പ് പദ്ധതി ആസൂത്രണം ചെയ്തതായി സെബി ആരോപിച്ചു.
അനില്‍ അംബാനിയുമായി ബന്ധമുള്ള സ്ഥാപനങ്ങള്‍ക്ക് വായ്പ നല്‍കുന്നു എന്ന വ്യാജേനയാണ് ഫണ്ട് വകമാറ്റിയതെന്നും സെബി ചൂണ്ടിക്കാണിക്കുന്നു. അംബാനിയും ആര്‍എച്ച്എഫ്എല്ലിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് ആസൂത്രണം നടത്തിയാണ് തട്ടിപ്പ് നടത്തിയത്. ‘എഡിഎ ഗ്രൂപ്പിന്റെ ചെയര്‍പേഴ്സണ്‍’ എന്ന സ്ഥാനവും ആര്‍എച്ച്എഫ്എല്ലിന്റെ ഹോള്‍ഡിങ് കമ്പനിയിലെ പരോക്ഷ ഓഹരി പങ്കാളിത്തവും അനില്‍ അംബാനി പ്രയോജനപ്പെടുത്തിയെന്നും സെബി ആരോപിച്ചു.