അംബാനി കല്യാണം ഇന്ന് ; മുംബൈയിൽ നാല് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

മുംബൈ : മാസങ്ങൾ നീണ്ടു നിന്ന ആഘോഷങ്ങൾക്കൊടുവിൽ റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹം ഇന്ന്. മുംബൈയിലെ ബികെസി ജിയോ വേൾഡ് സെന്ററിൽ വെച്ചാണ് ആഢംബര വിവാഹം നടക്കുക. രാവിലെ പൂജയോടെ ആരംഭിച്ച് വൈകുന്നേരം നാല് മണിയോടെ വിവാഹ ചടങ്ങുകൾ ആരംഭിക്കും. രാത്രി പത്ത് മണിക്കാണ് വിവാഹ മുഹൂർത്തം.
രാഷ്ട്രീയ-സിനിമ-വ്യവസായ-കായികം തുടങ്ങിയ മേഖലകളിൽ നിന്ന് നിരവധി വിവിഐപികൾ ചടങ്ങിൽ പങ്കെടുക്കും. വിവാഹത്തോട് അനുബന്ധിച്ച് അതിഥികൾക്കായി നൂറിലധികം സ്വകാര്യ വിമാനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. വിവാഹാഘോഷം നാളെയും മറ്റെന്നാളും തുടരും. വിവാഹത്തോട് അനുബന്ധിച്ച് ബികെസിയുടെ റോഡുകളിൽ ഇന്ന് ഒരു മണി മുതൽ നാല് ദിവസത്തേക്ക് ഗതാഗതം പൂർണമായും നിയന്ത്രിച്ചിരിക്കുകയാണ്. അതിഥികൾക്ക് മാത്രമാണ് ഇവിടേക്ക് പ്രവേശനം.
നാളെ നടക്കുന്ന വിരുന്നിലേക്ക് കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുക്കും. എല്ലാ മുഖ്യമന്ത്രിമാരെയും ക്ഷണിച്ചിട്ടുണ്ട്. നാളെ മുംബൈയിൽ വിവിധ പരിപാടികൾക്കായെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങിൽ പങ്കെടുത്തേക്കും. മറ്റന്നാൾ മംഗൾ ഉത്സവ് ദിനത്തിൽ ബോളിവുഡ് താരനിര അണിനിരക്കും.
15ന് റിലയൻസ് ജീവനക്കാർക്കായി വിരുന്നൊരുക്കിയിട്ടുണ്ട്. യുകെ മുൻ പ്രധാനമന്ത്രിമാരായ ബോറിസ് ജോൺസൺ, ടോണി ബ്ലെയർ, കാനഡ മുൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപർ തുടങ്ങി ഒട്ടേറെ പ്രമുഖരാണ് എത്തുന്നത്. വ്യവസായി വിരേൻ മർച്ചന്റിന്റെയും ഷൈല മർച്ചന്റിന്റെയും മകളാണ് രാധിക.