അന്തർദേശീയം

യുഎഇയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച് അൾജീരിയ

അൾജിയേഴ്സ്. : യുഎഇയുമായുള്ള നയതന്ത്ര ബന്ധം പൂർണ്ണമായും വിച്ഛേദിച്ചതായി അറിയിച്ച് അൾജീരിയ. യുഎഇ അംബാസഡറെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തി 48 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ നിർദ്ദേശം നൽകി.

ഇതിന് പുറമെ, വെള്ളിയാഴ്ച മുതൽ യുഎഇ രജിസ്‌ട്രേഷനിലുള്ള സൈനിക, സിവിലിയൻ വിമാനങ്ങൾക്ക് അൾജീരിയൻ വ്യോമപാതയിൽ വിലക്ക് ഏർപ്പെടുത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാൽ കരാർ കാലാവധി പൂർത്തിയാകുന്നതുവരെ (2026 അവസാനം വരെ) വാണിജ്യ വിമാനങ്ങൾക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.

യുഎഇയുടെ നടപടികൾ അംഗീകരിക്കാനാകാത്ത നിലയിലെത്തിയെന്നും ഉഭയകക്ഷി ബന്ധം സംരക്ഷിക്കാൻ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടെന്നും പറഞ്ഞാണ്​ അൾജീരിയൻ വിദേശകാര്യ മന്ത്രാലയം തീരുമാനം അറിയിച്ചത്. ഇസ്രയേലുമായുള്ള ബന്ധം സ്ഥാപിക്കാനുള്ള അബ്രഹാം അക്കോർഡ്​, പശ്​ചിമ സഹാറയി​ലെ രാഷ്ട്രീയ വിഷയങ്ങൾ എന്നിവയിൽ അൾജീരിയയും യുഎഇയും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. മൊറോക്കോയുമായി യുഎഇയുടെ അടുത്ത ബന്ധവും അൾജീരിയയെ പ്രകോപിപ്പിച്ചതായും വിലയിരുത്തുന്നുണ്ട്​.

വെസ്റ്റേൺ സഹാറ പ്രദേശത്തിന്മേലുള്ള മൊറോക്കോയുടെ പരമാധികാരത്തെ യുഎഇ പിന്തുണയ്ക്കുമ്പോൾ, അവിടെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ‘പോളിസാരിയോ ഫ്രണ്ടിനെ’ ആണ് അൾജീരിയ പിന്തുണയ്ക്കുന്നത്. അൾജീരിയൻ ജനതയോടും അവിടെയുള്ള പ്രവാസികളോടും യുഎഇക്ക് വലിയ ബഹുമാനമുണ്ടെന്നും ഈ തീരുമാനം താൽക്കാലികമായിരിക്കുമെന്നാണ് കരുതുന്നതെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. നയതന്ത്ര ബന്ധങ്ങൾ “യുക്തിയിലും വ്യക്തതയിലും” ഊന്നിയുള്ളതായിരിക്കണമെന്നും അല്ലാതെ “അഴിച്ചെടുക്കേണ്ട കടങ്കഥകൾ” ആകരുതെന്നും യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ് സമൂഹമാധ്യമമായ ‘എക്സിൽ’ കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button